കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച്ച് വൈകീട്ടോടെയാണ് ബോംബ് കണ്ടെത്തിയതെന്നും ശ്രീലങ്കന്‍ വ്യോമസേന ഇത് നിര്‍വീര്യമാക്കിയെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 24പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ മരണം 290 ആയി. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യത. മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട്. കാസര്‍കോട് സ്വദേശിനിയായ റസീനയെ കൂടാതെ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നീ ഇന്ത്യാക്കാരും ആക്രമണത്തില്‍ മരിച്ചിരുന്നു.
കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് സ്‌ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് അവസാനത്തെ സ്‌ഫോടനം നടന്നത്. രാവിലെ ഉണ്ടായ ആറ് സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു.
സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ലങ്കന്‍ ഭരണകൂടത്തിന് കിട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന് വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് ശ്രീലങ്കയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എന്‍.ടി.ജെ എന്നറിയപ്പെടുന്ന നാഷണല്‍ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഏജന്‍സിയുടെ റിപ്പോര്‍ട്ട്.