ഇസ്ലാമാബാദ് : ആർട്ടിക്കിൾ 370 പുന:സ്ഥാപിച്ചാൽ ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ജമ്മു കശ്മീരിൽ അമിതാധികാരം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ പാകിസ്ഥാൻ ഉന്നമിടുന്നത്. അന്താരാഷ്ട്ര മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാൻ ഉപാധി മുന്നോട്ട് വച്ചത്. കശ്മീരിന്റെ അമിതാധികാരം ഇല്ലാതാക്കിയത് നിയമവിരുദ്ധമാണെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു.
കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കാൻ തയ്യാറാകുകയാണെങ്കിൽ ഇന്ത്യയുടെ പ്രവൃത്തികൾക്കെതിരെ പാകിസ്താൻ സ്വീകരിച്ച നടപടിയായി ഇത് മാറും. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത് നിയമവിരുദ്ധമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം ഇമ്രാന്റെ പരാമർശത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
2019 ആഗസ്റ്റിലാണ് കശ്മീരിന്റെ അമിതാധികാരം കേന്ദ്രസർക്കാർ എടുത്തു കളഞ്ഞത്. ഇതിന് പിന്നാലെ പല തവണ കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു.