ഇമ്രാന്‍ ഖാന്റെ പരാമര്‍ശം: മോദിക്കെതിരെ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും

ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി ജമ്മു കശ്മീര്‍ നേതാക്കളായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തിലെത്തിയാല്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുപോകൂ എന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെ ഇരുവരും ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

ഇമ്രാന്‍ ഖാനെ പുകഴ്ത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബിജെപിക്കാര്‍ ആശയക്കുഴപ്പത്തിലാണെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ‘ഭക്തര്‍ തല ചൊറിയുകയും ഇമ്രാന്‍ ഖാനെ പുകഴ്ത്തണോ വേണ്ടയോ എന്ന് ആശങ്കപ്പെടുകയുമാണ്’ മെഹബൂബ മുഫ്തി ട്വിറ്ററില്‍ പറഞ്ഞു.

ബിജെപിയുടെ പരാജയം ആഗ്രഹിക്കുന്നവര്‍ പാക്കിസ്ഥാന്‍ പക്ഷപാതികളാണെന്ന ബിജെപി ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നതെങ്കില്‍ എല്ലാ ചൗക്കീദാര്‍മാരും ചേര്‍ന്ന് രാഹുലിനും കോണ്‍ഗ്രസിനുമെതിരെ എന്തൊക്കെയായിരിക്കും ഇപ്പോള്‍ ചെയ്യുന്നുണ്ടാവുക എന്ന് സങ്കല്‍പിച്ചു നോക്കൂ എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.

Top