ഇസ്‌ലാമാബാദ് : റിയൽ എസ്റ്റേറ്റ് അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇസ്‌ലാമാബാദ് ഹൈക്കോടതി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. കനത്ത സുരക്ഷയിൽ ഇന്നലെ കോടതിയിൽ ഹാജരായ ഇമ്രാനെ മറ്റു കേസുകളിൽ 17 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകാനെത്തിയപ്പോൾ ഇമ്രാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാനും ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഇമ്രാൻ ഇന്നലെ ഹൈക്കോടതിയിൽ ഹാജരായത്. ഹൈക്കോടതിയുടെ ഇത്തരം ജാമ്യ ഉത്തരവ് ആദ്യമാണെന്ന് പാക്ക് ആഭ്യന്തര മന്ത്രി റാണ സനാവുല്ല വിമർശിച്ചു. സർക്കാർ അപ്പീൽ നൽകും.
ഇമ്രാൻ സുരക്ഷിതനാണെന്ന് ഉറപ്പാകുന്നതു വരെ സമാധാനപരമായി പ്രക്ഷോഭം തുടരാൻ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി പ്രവർത്തകരോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. ഇമ്രാന്റെ അറസ്റ്റിനു പിന്നാലെ പ്രവർത്തകർ പ്രക്ഷോഭം തുടങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ കൂടുതൽ തളർത്തിയ അക്രമപരമ്പരകളെ തുടർന്ന് മൊബൈൽ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങൾക്കു ദുരിതമായി. ഇന്റർനെറ്റ് ആവശ്യമായുള്ള സേവനങ്ങളെല്ലാം മുടങ്ങിയത് ആ മേഖലയിൽ തൊഴിലെടുക്കുന്ന സാധാരണക്കാരെ വലച്ചു.
പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ വരെ 493 പേർ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ഹൈക്കോടതി പരിസരത്തും തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.