അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കൊപ്പം നിന്നതിന് വലിയ വിലകൊടുക്കേണ്ടിവന്നു: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തില്‍ ഒപ്പം നിന്നതിന് പാകിസ്ഥാൻ വലിയ വില നല്‍കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ നിന്ന് പിന്മാറിയതിനു ശേഷം അമേരിക്കന്‍ സെനറ്റര്‍മാര്‍ പാകിസ്ഥാനുമേല്‍ കുറ്റം ചാര്‍ത്തുന്നത് വേദനിപ്പിക്കുന്നതാണെന്നും ഇമ്രാന്‍ പറഞ്ഞു. റഷ്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം.

താലിബാനെ പാകിസ്ഥാന്‍ സഹായിക്കുന്നെന്ന് അമേരിക്കയുടെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന്റെ പ്രതികരണം. ചില സെനറ്റര്‍മാര്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ഒരു പാകിസ്ഥാനി എന്ന നിലയില്‍ എനിക്ക് അതീവദുഃഖമുണ്ട്. അഫ്ഗാനിസ്ഥാനിലെ പരാജയത്തിന് പാകിസ്ഥാനെ കുറ്റം പറയുന്നത് കേട്ടിരിക്കുക എന്നത് ഞങ്ങള്‍ക്ക് ഏറ്റവും വേദനാജനകമായ കാര്യമാണ്- ഇമ്രാന്‍ പറഞ്ഞു.

9/ 11 ഭീകരാക്രമണം നടന്ന സമയത്ത് പാകിസ്ഥാന്‍ ദുര്‍ബലാവസ്ഥയിലായിരുന്നു. സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പര്‍വേസ് മുഷാറഫ്, തന്റെ സര്‍ക്കാരിനു വേണ്ടി അമേരിക്കന്‍ സഹായം തേടിയിരുന്നു. അഫ്ഗാനിസ്ഥാനിലെ അധിനിവേശത്തിന് പിന്തുണ നല്‍കിയതിലൂടെ അമേരിക്കന്‍ സഹായം നേടാന്‍ സാധിച്ചെങ്കിലും അത് ശരിയായ കാര്യമായിരുന്നില്ലെന്നാണ് ഇമ്രാന്‍ കരുതുന്നത്.

 

Top