ദാവോസ്: ജിംഗോയിസമാണ് മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് നേരെ ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാടിനെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വേള്‍ഡ് എക്കണോമിക് ഫോറത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ തിരിഞ്ഞത്.
ഇന്ത്യയില്‍ പ്രതിഷേധം പുകയുകയാണ്. നിയന്ത്രണ രേഖയില്‍ ബോംബാക്രമണം നടക്കുന്നു. ജനീവ കണ്‍വെന്‍ഷന് വിരുദ്ധമായി കശ്മീരിലെ ജനസംഖ്യയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജര്‍മനിയില്‍ നാസികള്‍ക്ക് പ്രചോദനമായത് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണ്. മറ്റുമതങ്ങളോട് വെറുപ്പില്‍ അധിഷ്ടിതമായതാണ് അവരുടെ പ്രത്യയശാസ്ത്രം. മതേതരവും ബഹുസ്വരവുമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദുരന്തമാണ് അനുഭവിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് ആണവ രാജ്യങ്ങള്‍ തമ്മില്‍ ‘തൊട്ടാല്‍പൊട്ടുന്ന’ ബന്ധം നല്ലതല്ലെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ നിയന്ത്രണ രേഖയില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് താന്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണെന്നും കൂട്ടിച്ചേര്‍ത്തു.
പുല്‍വാമയില്‍ എന്ത് സംഭവിച്ചു. തെളിവുകള്‍ നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് അറിയിച്ചതാണ്, എന്നാല്‍ ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് എത്തി ബോംബ് വര്‍ഷിച്ചു. ഇപ്പോള്‍ യാതൊരു വിധ സംഘര്‍ഷത്തിനും തങ്ങളില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. യുഎന്നും യുഎസും ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. സമാധാനമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പാകിസ്ഥാന്റെ ആഗ്രഹമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.