പാക്ക് പൊതു തിരഞ്ഞെടുപ്പിൽ ഫലസൂചന പുറത്ത്; ഏവരെയും ഞെട്ടിച്ച് ഇമ്രാന്റെ അപ്രതീക്ഷിത മുന്നേറ്റം

പാക്കിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പിന്റെ ഫലസൂചന പുറത്തുവരുമ്പോൾ ഏവരെയും ഞെട്ടിച്ച് ഇമ്രാൻ ഖാന്റെ അപ്രതീക്ഷിത മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ലീഡ് അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് പാർട്ടി (പിടിഐ) രംഗത്തെത്തി. പ്രവചനങ്ങളെ കാറ്റിൽപ്പറത്തി മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (പിഎംഎൽ–എൻ) ഏറെ പിന്നിലാണ്.

പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് ഇമ്രാന്റെ പാർട്ടിയിലെ സ്ഥാനാർഥികൾ മത്സരിക്കുന്നത്. ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും മത്സര രംഗത്തുണ്ട്. ഇമ്രാൻ ജയിലിലായതിനാൽ നവാസ് ഷരീഫിന്റെ പാർട്ടിക്കു മുൻതൂക്കമെന്ന നിഗമനങ്ങളെ മറികടന്നാണു പിടിഐ മുന്നേറുന്നത്. 184 സീറ്റുകളിലെ ഫലം വന്നപ്പോൾ 114 ഇടത്ത് പിടിഐ സ്വതന്ത്രർക്കു ലീഡുണ്ടെന്നു പാർട്ടി പറയുന്നു. നവാസ് ഷെരീഫിന്റെ പാർട്ടി 41 ഇടത്താണു മുന്നേറുന്നത്. വെള്ളിയാഴ്ച രാവിലെയോടെയേ യഥാർഥചിത്രം വ്യക്തമാകൂ എന്നാണു റിപ്പോർട്ട്.

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങൾക്കുള്ള 10 സീറ്റും ജയിക്കുന്ന പാർട്ടികൾക്കു വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ആനുപാതികമായി പിന്നീട് വീതിച്ചു നൽകും. ദേശീയ അസംബ്ലിയിലേക്ക് 5121 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. 4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റിൽ 593ലേക്കും വോട്ടെടുപ്പു നടന്നു. റജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 12.85 കോടി. സുരക്ഷയ്ക്കായി ആറര ലക്ഷം സൈനികരെയാണു നിയോഗിച്ചിട്ടുള്ളത്.

Top