വാഷിംഗ്ടണ്‍: അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ വിഷയത്തില്‍ നിലപാട് മാറ്റി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കയെ പാക്കിസ്ഥാനും സഹായിച്ചുവെന്നാണ് ഇമ്രാന്‍ ഖാന്റെ അവകാശവാദം. ഒസാമയുടെ ഒളിത്താവളം സംബന്ധിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ് ഇതേവരെ പാക്കിസ്ഥാന്‍ സ്വീകരിച്ചിരുന്നത്. ആ നിലപാടാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സ്‌പെഷല്‍ ഫോഴ്‌സ് നടത്തിയ റെയ്ഡില്‍ 2011 മേയ് രണ്ടിനാണ് ലാദന്‍ കൊല്ലപ്പെടുന്നത്. ലാദനെ കണ്ടെത്താന്‍ യുഎസിനെ സഹായിച്ച് ജയിലിലായ ഡോക്ടറെ മോചിപ്പിക്കുമോ എന്ന ചോദ്യത്തിന് അതു സങ്കീര്‍ണമാണെന്നും ഡോക്ടറെ പാക്കിസ്ഥാന്‍ ചാരനായാണു പരിഗണിച്ചിരിക്കുന്നത് എന്നുമായിരുന്നു ഇമ്രാന്റെ മറുപടി.