കേരളത്തില്‍ സാലറി ചലഞ്ച്; വരള്‍ച്ചയില്‍ നിന്നും രക്ഷതേടി പാക്കിസ്ഥാനില്‍ ക്രൗഡ് ഫണ്ട്

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ പുനനിര്‍മിക്കാന്‍ പിണറായി വിജയന്‍ സാലറി ചലഞ്ചുമായി എത്തുമ്പോള്‍ പാക്കിസ്ഥാനില്‍ വരള്‍ച്ചയില്‍ നിന്നും കരകയറാന്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ജനകീയ ഫണ്ട് സമാഹരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പ്രളയത്തില്‍ 30,000 കോടിയിലേറെ നഷ്ടം കണക്കാക്കിയാണ് കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കേരള സര്‍ക്കാര്‍ ജനകീയ ഫണ്ട് സമാഹരണം തുടങ്ങിയത്. കേരളത്തിന്റെ പാതപിന്തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് താരവും പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാന്‍ വരള്‍ച്ചയില്‍ നിന്നും രക്ഷക്കായി കുടിനീരിനുവേണ്ടി അണക്കെട്ടു പണിയാനാണ് ജനങ്ങളില്‍ നിന്നും ഫണ്ട് ആവശ്യപ്പെടുന്നത്.

ഡാമുകള്‍ പണിയാന്‍ 14 ബില്യണ്‍ ഡോളറാണ് പാക് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.”ഞങ്ങള്‍ക്ക് 30 ദിവസേത്തക്കുള്ള കുടിവെള്ളം മാത്രമാണുള്ളത്. നമുക്ക് വളരെയേറെ വായ്പകളും അവ തിരിച്ചടക്കുന്നതിലുള്ള പ്രയാസങ്ങളുമുണ്ട്. ഞങ്ങള്‍ക്ക് തനിച്ച് ഡാമുകള്‍ നിര്‍മിക്കാന്‍ കഴിയില്ല. നമുക്കെല്ലാവര്‍ക്കും ചേര്‍ന്നാല്‍ കഴിയും. നിങ്ങള്‍ മുടക്കുന്ന പണത്തിന് ഞാന്‍ ഉറപ്പു നല്‍കാം.” എന്നാണ് ഒരു അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്‍ ജനങ്ങളോട് മനസുതുറന്നത്. വിദേശ ത്തുള്ള പാക്കിസ്ഥാനികളോടും ഇമ്രാന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

32 ദിവസം കൊണ്ട് 20 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാന്‍ കടന്നുപോകുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയിരുന്ന എട്ട് എരുമകളെയും ഇമ്രാന്‍ ലേലം ചെയ്ത് വിറ്റിരുന്നു. 23 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ സമാഹരിച്ചത്. സര്‍ക്കാരിന്റെ 61 ആഢംബര കാറുകളും ലേലംചെയ്തു വിറ്റു. 11 കോടി രൂപ ഈ ഇനത്തില്‍ സമാഹരിച്ചു. പാക്ക് സര്‍ക്കാരിന്റെ സമ്പദ് വ്യവസ്ഥയുടെ 87 ശതമാനവും കടത്തിലായെന്നാണ് കഴിഞ്ഞ വര്‍ഷെത്ത കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാക് സര്‍ക്കാരിന്റെ പൊതുകടം 13.5 ലക്ഷം കോടി രൂപ വര്‍ധിച്ച് 30ലക്ഷം കോടി രൂപയിലെത്തി.

Top