ഇന്ത്യയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രശംസിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലാഹോറില്‍ നടന്ന പൊതുപരിപാടിയിലാണ് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തേയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ അഭിനന്ദിച്ചത്. റഷ്യയുടെ പക്കല്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ യുഎസ് അതൃപ്തി പ്രകടിപ്പിച്ചെങ്കിലും അത് ചെവിക്കൊളളാതെ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നറിയിച്ച ഇന്ത്യയെ കുറ്റപ്പെടുത്തിയ പാശ്ചാത്യരാജ്യങ്ങളെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സ്ലൊവാക്യയില്‍ ജയശങ്കര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ് ഇമ്രാന്‍ ഖാന്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

പാകിസ്താനൊപ്പമാണ് ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേശനയം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി പാകിസ്താനിലെഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അവര്‍ (യുഎസ്) ഉത്തരവിട്ടു. യുഎസിന്റെ നയതന്ത്രസുഹൃത്താണ് ഇന്ത്യ, പാകിസ്താന്‍ അങ്ങനെയല്ല താനും. അത്തരത്തിലൊരു നിര്‍ദേശം യുഎസ് നല്‍കിയപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എന്താണ് മറുപടി നല്‍കിയതെന്ന് നമുക്ക് കാണാം- ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതിനുശേഷം ജയശങ്കറിന്റെ വീഡിയോ ഇമ്രാന്‍ പ്രദര്‍ശിപ്പിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നുണ്ടെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതിനാല്‍ തങ്ങള്‍ റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുമെന്നും ഈ വിഷയത്തില്‍ യുഎസ് ഇടപെടേണ്ട ആവശ്യമില്ലെന്നും സ്ലൊവാക്യയില്‍ വച്ച് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞത് ഉദ്ധരിച്ച് അതാണ് സ്വതന്ത്ര വിദേശ നയമെന്നും ഇമ്രാന്‍ പറഞ്ഞു. യുഎസിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാതിരിക്കാനുള്ള തീരുമാനത്തിലെത്തിയ പാക് സര്‍ക്കാരിനെ ഇമ്രാന്‍ വിമര്‍ശിക്കുകയും ചെയ്തു.

കുറഞ്ഞ വിലയില്‍ ഇന്ധനം വാങ്ങുന്ന കാര്യം റഷ്യയുമായി ചര്‍ച്ച ചെയ്തിരുന്നതായും എന്നാല്‍ പുതിയ സര്‍ക്കാരിന് യുഎസിനെ എതിര്‍ക്കാന്‍ ഭയമാണെന്നും ഇമ്രാന്‍ പരിഹസിച്ചു. ഇന്ധനവില കുതിക്കുകയാണെന്നും പാക് ജനത ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും താന്‍ അടിമത്തത്തിന് എതിരാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Top