പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന് മുന്നേറ്റം

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന് മുന്നേറ്റം. 70 സീറ്റുകളിലെ ഫലം വന്നപ്പോള്‍ പിടിഐ 24 സീറ്റുകളും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 24 സീറ്റും പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ് ഷെരീഫ്) 18 സീറ്റും വീതം നേടി. മറ്റുള്ളവര്‍ നാലു സീറ്റുകളിലും വിജയം നേടി. ഇനി 195 സീറ്റുകളിലെ ഫലം കൂടി പുറത്ത് വരാനുണ്ട്.

പാകിസ്താനിലെ ദേശീയ അസംബ്ലിയില്‍ ആകെയുള്ള 336 സീറ്റില്‍ 266 മണ്ഡലങ്ങളിലാണ് നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 സീറ്റുകള്‍ സംവരണസീറ്റുകളാണ്. സംവരണസീറ്റുകളില്‍ 60 എണ്ണം വനിതകള്‍ക്കും 10 എണ്ണം അമുസ്ലിങ്ങള്‍ക്കുമായാണ് സംവരണം ചെയ്തിക്കുന്നത്. ദേശീയ അസംബ്ലിയില്‍ ഓരോ കക്ഷികള്‍ക്കുമുള്ള പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംവരണ സീറ്റുകളിലെ പരിഗണന. കേവലഭൂരിപക്ഷം നേടുന്നതിന് കുറഞ്ഞത് 133 സീറ്റുകള്‍ ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ അടക്കം കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ഒരു നിര്‍ണായക വിജയിയെ നല്‍കില്ലെന്നാണ് പല വിശകലന വിദഗ്ധരും ഊഹിക്കുന്നത്. പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നീ മൂന്ന് പ്രധാന പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാനമായി പാകിസ്താന്‍ ദേശീയ അസംബ്ലിയിലേയ്ക്ക് മത്സരിക്കുന്നത്.വോട്ടെടുപ്പ് അവസാനിച്ച് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഫലപ്രഖ്യാപന സൂചനകള്‍ പുറത്തുവന്ന് തുടങ്ങിയത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വേഗത്തില്‍ പുറത്ത് വിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് ഓഫീസര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് തകരാറാണ് പാകിസ്താനിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വൈകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

നവാസ് ഷെരീഫിനോട് തോല്‍വി അംഗീകരിക്കാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി രംഗത്തെത്തി. ‘പാകിസ്താനിലെ ജനങ്ങള്‍ നിങ്ങളെ ഒരിക്കലും അംഗീകരിക്കില്ല. ജനാധിപത്യവാദിയെന്ന നിലയില്‍ അന്തസ് വീണ്ടെടുക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. പകല്‍വെളിച്ചത്തിലുള്ള കൊള്ളയെ പാകിസ്താന്‍ ഒറ്റക്കെട്ടായി നിരാകരിക്കാന്‍ പോകുകയാണെ’ന്നും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.ഫലം പ്രഖ്യാപിച്ച ലാഹോര്‍ സീറ്റില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് 50,000ത്തോളം വോട്ടുകള്‍ക്ക് വിജയിച്ചു. അടുത്തിടെ പിടിഐ ചെയര്‍മാനായി നിയമിതനായ ഗോഹര്‍ അലി ഖാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനറില്‍ നിന്നും വിജയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് അലി ഖാനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയിലേയ്ക്ക് 5,121 സ്ഥാനാര്‍ത്ഥികളും പ്രവിശ്യകളിലേക്ക് 12,695 സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്.

Top