പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഏറക്കുറെ പൂർത്തിയായെങ്കിലും അന്തിമചിത്രം വ്യക്തമല്ല. സർക്കാരുണ്ടാക്കാൻ താൻ ശ്രമിക്കുകയാണെന്നും എത്രയും വേഗം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കണമെന്നും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫലം പ്രഖ്യാപിച്ചില്ലെങ്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ തന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പിന്തുണയോടെ വിജയിച്ച സ്വതന്ത്രരോട് ഇമ്രാൻ നിർദേശിച്ചു.
നിർമിതബുദ്ധിയുടെ സഹായത്തോടെ തയാറാക്കിയ വിഡിയോ സന്ദേശവും ഇമ്രാൻ പുറത്തുവിട്ടു. മുഖ്യഎതിരാളിയായ നവാസ് ഷരീഫിനെ വിഡിയോയിൽ ‘വിഡ്ഢി’ എന്നാണു സംബോധന ചെയ്തത്. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇമ്രാൻഖാന്റെ പാർട്ടിയും നവാസ് ഷരീഫിന്റെ മുസ്‌ലിം ലീഗ്–നവാസും (പിഎംഎൽ–എൻ) വിജയം അവകാശപ്പെട്ടിരുന്നു.
ഇതേസമയം, തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് പാക്ക് സേനാമേധാവി അസിം മുനീർ സർക്കാരിനെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പു വിജയകരമായി പൂർത്തിയാക്കിയെന്ന് വിദേശകാര്യവകുപ്പും അവകാശപ്പെട്ടു. എന്നാൽ, തിരഞ്ഞെടുപ്പു പ്രക്രിയയിൽ ആശങ്ക പ്രകടിപ്പിച്ച യുഎസും യുകെയും യൂറോപ്യൻ യൂണിയനും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധ റാലിക്കിടെയുണ്ടായ വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു.