പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ ഇമ്രാന്‍ ഖാന്‌ അതൃപ്തി

ഇസ്ലാമാബാദ്: വിദേശത്തുള്ള പാകിസ്ഥാൻ എംബസികളിലെ സ്‌റ്റാഫുകളുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അതേസമയം ഇന്ത്യൻ എംബസികൾ കൂടുതൽ സജീവമാണെന്നും പൗരൻമാർക്ക് ആവശ്യമായ മികച്ച സേവനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രതിനിധികളുമായി വെർച്വൽ കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് അദ്ദേഹം അതൃപ്‌തി പ്രകടിപ്പിച്ചത്.

എംബസികളിലെ പല ഉദ്യോഗസ്ഥർക്കും നിസ്സംഗ മനോഭാവമാണെന്നും പലതിലും അനാവശ്യ കാലതാമസം വരുത്തുന്നതായും കൂടുതലായി ഇത് മിഡിൽ ഈസ്‌റ്റിലാണ് കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്ഥാൻ സിറ്റിസൺ പോർട്ടലിൽ നിരവധി പരാതികൾ ലഭിച്ചതായും ഇമ്രാൻ ഖാൻ പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുന്നതിനു പകരം, കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ പെരുമാറിയതു പോലെയാണ് അംബാസഡർമാർ പെരുമാറുന്നതെന്നും പ്രധാനമന്ത്രി ആരോപണം ഉയർത്തി.

Top