സ്ത്രീകളുടെ മയക്കുമരുന്ന് കേസിൽ 700 ശതമാനം വർധനവെന്ന് ചണ്ഡീഗഡ് പൊലീസ്

ചണ്ഡീഗഡ് : മയക്കുമരുന്ന് കേസുകളിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും അറസ്റ്റിലാകാറുണ്ട്. അത്തരത്തിൽ സ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട കേസുകളുടെ കണക്ക് പുറത്തിറക്കിയിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്.

സംസ്ഥനത്ത് സ്ത്രീകൾ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെടുന്ന കേസുകളിൽ കഴിഞ്ഞ 7 വർഷത്തിനിടയിൽ 700 ശതമാനം ഉണ്ടായെനാണ് പൊലീസ് വ്യക്തമാക്കുന്നത്.

പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്.

2011 ൽ മൂന്ന് സ്ത്രീകൾ മാത്രമാണ് അറസ്റ്റിലായത്. എന്നാൽ, 2014-ൽ 11, 2015-ൽ 22 , എന്നിങ്ങനെ വർധിച്ചു.

2016ൽ 18 സ്ത്രീകളെയാണ് പിടികൂടിയത് . എന്നാൽ 18ൽ നിന്ന് വർധിച്ച് ഈ വർഷം ഇതുവരെ 24 സ്ത്രീകളെ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസുകൾ (എൻഡിപിഎസ്) നിയമവുമായി ബന്ധപ്പെട്ട കേസുകൾ നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ സ്ഥിരമായി രജിസ്റ്റർ ചെയ്യുന്നുണ്ട് .

മയക്കുമരുന്ന് വ്യപാരത്തിലൂടെ കൂടുതൽ ലാഭകരമായ രീതിയിൽ പണം കണ്ടെത്താൻ കഴിയും എന്നതാണ് സ്ത്രീകളെ ആകർഷിക്കുന്നതിന് കാരണമെന്നും, ഇവരിൽ കൂടുതൽ ആളുകളും ചേരികളിൽ താമസിക്കുന്നവരാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

നഗരത്തിൽ താമസിക്കുന്ന സ്ത്രീകൾ മയക്കുമരുന്ന് വിതരണത്തിനായി മാത്രമല്ല ഉപയോഗിക്കപ്പെടുന്നത് ഇവരിൽ ഭൂരിഭാഗവും നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ വ്യാപാരം നടത്തുന്നവരാണ്. ഹെറോയിൻ, സ്മാക്ക്, കറുപ്പ് തുടങ്ങിയ മരുന്നുകളാണ് ഇവർ വിതരണം ചെയ്യുന്നത്.

തുടക്കത്തിൽ സ്ത്രീകളെ മയക്കുമരുന്ന് കടത്തുകാരായാണ് ഉപയോഗിക്കുന്നതെന്നും, സ്ത്രീകളെ പെട്ടന്ന് ആരും സംശയിക്കില്ല എന്ന കാരണത്താലാണ് ഇതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വനിത പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കൂടുതൽ നിയമനം നടപ്പാക്കിയതിനാലാണ് കേസിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നത്. അല്ലെങ്കിൽ പൊലീസിന് ചില പരിമിതികൾ ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.വൈ.എസ്.പി) പവൻ കുമാർ പറഞ്ഞു.

പൊലീസ് പറയുന്നത് അനുസരിച്ച് സ്ത്രീകൾ വ്യാപാരം നടത്തുന്നത് നിരോധിത ഇഞ്ചക്ഷൻ മരുന്നുകളാണ്.

ബിപ്രിനോർഫിൻ (ഓപ്പിയം അടങ്ങിയ ഒരു വേദന സംഹാരിയാണ് ഇത്) , ഫെനിറൈമിൻ മാളേറ്റ്((അലർജിക്കായി ഉപയോഗിച്ചിരുന്ന മരുന്നാണ് , ഇതിൽ വലിയ അളവിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ട് ) തുടങ്ങിയ നിരോധനം ഏർപ്പെടുത്തിയ മരുന്നുകളാണ് ഇവർ വിൽക്കുന്നത്.

ഇത്തരം മരുന്നുകൾ ചില്ലറ വില്പനകളിൽ നിന്ന് നിരോധിക്കുകയും , ഈ മരുന്നുകൾ ഡി-ആക്റ്റിക് സെന്ററുകളിലെ ഇൻപേഷ്യന്റ്മാർക്ക് മാത്രമേ നൽകാൻ പാടുള്ളൂവെന്നും ഉത്തരവ് നിലവിൽ ഉണ്ട്.

അംബാലയിൽ നിന്ന് 70 മുതൽ 100 ​​രൂപ വരെ വിലവരുന്ന ഈ മരുന്നുകൾ ചണ്ഡീഗഡിൽ 250 മുതൽ 300 രൂപ വിലയിൽ വിൽക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മയക്കുമരുന്നിന്റെ ഉപയോഗം ഗ്രാമങ്ങളിലും വ്യാപിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. ചില ഗ്രാമ പ്രദേശങ്ങളിലെ അംഗീകൃതമല്ലാത്ത മെഡിക്കൽ ഷോപ്പുകളിൽ ഇത്തരത്തിലുള്ള മരുന്നുകൾ വിൽക്കുന്നുണ്ടെന്നും അവിടെ നിന്ന് മരുന്നുകൾ വാങ്ങുന്നവരിൽ 14 നും 38 നും ഇടയിൽ പ്രായമുള്ളവരാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ആലോചിക്കുകയാണെന്നും , നടപടികൾ കൂടുതൽ ശക്തമായി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.

റിപ്പോർട്ട് : രേഷ്മ പി. എം

Top