ചുഴലിക്കാറ്റിന് പുറമെ ടെക്‌സാസിൽ നാശം വിതച്ച്‌ കനത്ത മഴയും മണ്ണിടിച്ചിലും

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ മഴയും മണ്ണിടിച്ചിലും ടെക്‌സാസിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കി.

കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റാണ് ‘ഹാര്‍വി’യെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

50 വര്‍ഷത്തിനിടെ ടെക്‌സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. നഗരത്തില്‍ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.

ഹൂസ്റ്റണ്‍ നഗരത്തില്‍ തകര്‍ന്ന വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ആയിരത്തിലധികം പേരെയാണ്‌ രക്ഷപ്പെടുത്തിയത്.

ടെക്‌സാസില്‍ ബുധനാഴ്ച വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.എന്നാല്‍ തീരത്തെത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞതായും കേന്ദ്രം അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാൽ ഹൂസ്റ്റണ്‍ നഗരത്തില്‍ റോഡുകളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്‌.

ടെക്‌സസിലെ ഒട്ടേറെ റിഫൈനറികളെ കാറ്റും മഴയും ബാധിച്ചതോടെ ഇന്ധനവില ഉയര്‍ന്നിട്ടുണ്ട്.

അതേസമയം’ഹാര്‍വി’യെ ദുരന്തമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് 1,800 സൈനികരെയും രക്ഷാപ്രവര്‍ത്തനത്തിന് ആയിരംപേരുടെ മറ്റൊരു സംഘത്തെയും നിയോഗിക്കുമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു.

2005ലാണ് യുഎസില്‍ ഇത്രയും കനത്ത ചുഴലിക്കാറ്റ് വീശിയിട്ടുള്ളത്. ടെക്‌സസിലാകട്ടെ, 1961നു ശേഷമുണ്ടായ ഏറ്റവും കനത്ത ചുഴലിക്കാറ്റാണിത്.

മഴയും കാറ്റുമെത്തിയതോടെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. ഒരു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധമറ്റു. വാര്‍ത്താവിനിമയ ബന്ധവും തകരാറിലാണ്. തെക്കന്‍ ടെക്‌സസില്‍ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്.

റോക്‌പോര്‍ട്ട് പട്ടണത്തിലാണ് ഏറ്റവുമധികം നാശനഷ്ടം. 10,000 ആളുകള്‍ അധിവസിക്കുന്ന ചെറുപട്ടണത്തിലെ മുക്കാല്‍ പങ്ക് ആളുകളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലേറെപ്പേരുള്ള കോര്‍പസ് ക്രിസ്റ്റി നഗരത്തിലും വന്‍ നാശനഷ്ടങ്ങളുണ്ട്.

Top