ന്യൂഡല്‍ഹി: പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ അഥവാ ആര്‍മ്ഡ് ഫോള്‍സസ് സ്‌പെഷ്യല്‍ പവ്വേര്‍ഡ് ആക്ട്. ഈ നിയമത്തിന്റെ വകുപ്പുകളില്‍ നിര്‍ണ്ണായക മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടത്താന്‍ വരെ അധികാരം നല്‍കുന്നു എന്ന വരി നിയമത്തില്‍ നിന്ന് എടുത്തുകളഞ്ഞേക്കും. നിലവില്‍ അതിരൂക്ഷ പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ വെടിവയ്പ്പ് നടത്താന്‍ സൈന്യത്തിന് അധികാരമുണ്ട്.
പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന് ആരെയും അറസ്റ്റ് ചെയ്യാനും വെടിവയ്ക്കാനും അടിച്ചമര്‍ത്തലുകള്‍ നടത്താനും സാധിക്കും. എന്നാല്‍ സൈന്യം ഈ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നതായും ചില സമയങ്ങളില്‍ അതിരുകടക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. നിരന്തരമായി കശ്മീരില്‍ പ്രതിഷേധങ്ങളും മറ്റും ഉണ്ടായ സാഹചര്യത്തിലാണിത്.
ക്രമസമാധാനം പാലിക്കുന്നതിന് വേണ്ടി കലാപ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും നിയമലംഘനം നടത്തുന്ന വ്യക്തികളെ പിടികൂടി വെടിവെയ്പ്പ് നടത്താമെന്ന് നിയമത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നു. നിയമ ലംഘനം നടത്തുന്ന വ്യക്തി കൊല്ലപ്പെട്ടാലും സൈനികന് നിയമ പരിരക്ഷ ലഭിക്കും.
ഏത് പ്രദേശത്തും റെയ്ഡ് നടത്താനും കുറ്റവാളികളെ കണ്ടെത്താനും ആയുധ സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്താനും അഫ്സ്പ വഴി സാധിക്കും. അഫ്സ്പ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുന്ന സൈനികരുടെ നടപടി നീതിന്യായ സംവിധാനത്തിന്റെ പരിശോധനയ്ക്ക് വിധേയമായിരിക്കില്ല.
മണിപ്പൂരില്‍ സാമൂഹ്യ പ്രവര്‍കത്തക ഈറോം ശര്‍മ്മിള ആ നിയമം നിരോധിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷങ്ങളാണ് നിരാഹാരം കിടന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുപ്രീംകോടതി അഫ്‌സ്പയുടെ ഉപയോഗം സൂക്ഷിച്ച് വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച കേസുകള്‍ വിശദമായി പഠിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി.
പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. എന്നാല്‍, വെടിവെയ്പ്പ് നടത്താനുള്ള അധികാരം എടുത്ത് കളയാനാണ് ആലോചന. സൈനിക ഇടപെടലുകളില്‍ പരാതി ഉള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചേക്കും.
മണിപ്പൂര്‍, നാഗാലാന്റ്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകള്‍ അഫ്‌സ്പ നില നിന്നിരുന്നു. അസ്സാമിലും 1990കളില്‍ ഈ നിയമം നിലവില്‍ വന്നിരുന്നു. മണിപ്പൂരില്‍ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കെ തഞ്ചം മനോരമ എന്ന സ്ത്രീ കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധം ഉണ്ടാക്കിയിരുന്നു. 2006 ജൂണ്‍ ആറിന് ആഫ്സ്പ നിയമത്തെ കുറിച്ച് അന്വേഷിച്ച് ജസ്റ്റിസ് ജീവന്‍ റെഡ്ഡി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.