അസമില്‍ മനുഷ്യരുടെ പ്രവർത്തികൾ കാരണം 100 ദിവസത്തിനുള്ളില്‍ ചരിഞ്ഞത് 40 കാട്ടാനകള്‍

ഗുവാഹതി: അസമില്‍ മനുഷ്യരുടെ പ്രവർത്തികൾ കാരണം കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ ചരിഞ്ഞത് 40 കാട്ടാനകള്‍.

കാട്ടാനകളെ നേരിടുന്നതിന് മനുഷ്യര്‍ നടത്തുന്ന ഇടപെടല്‍ മൂലമാണ് ആനകള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ട്രെയിന്‍ അപകടം, വൈദ്യുതാഘാതം, കിടങ്ങുകളില്‍ വീണുള്ള അപകടം, വിഷബാധ തുടങ്ങിയ കാരണങ്ങളാലാണ് ആനകള്‍ കൊല്ലപ്പെട്ടത്.

ഭക്ഷണം തേടി മനുഷ്യവാസമുള്ള കേന്ദ്രങ്ങളില്‍ എത്തി കൃഷിയിൽ നാശമുണ്ടാക്കുന്ന ഇവയെ നേരിടുന്നതിന് മനുഷ്യര്‍ നടത്തുന്ന ശ്രമങ്ങളാണ് ആനകൾ ഇത്തരത്തിൽ കൊല്ലപ്പെടാൻ കാരണമെന്ന് ആനകളുടെ നാശം സംബന്ധിച്ച് പഠനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

അസമില്‍ സംസ്ഥാന മൃഗമായ കാണ്ടാമൃഗത്തെ കൊല്ലുന്നത് ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. എന്നാല്‍, ആനയെ കൊല്ലുന്നതിനെതിരെ പ്രതിഷേധങ്ങളുണ്ടാകാറില്ലെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ആനകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ആര്യനായകിന്റെ ജനറല്‍ സെക്രട്ടറി ബിഭാബ് താലൂക്ദാര്‍ പറഞ്ഞു.

Top