തടസ്സമില്ലാത്ത വൈദ്യുതി, സുരക്ഷിതമായ ഡാറ്റ ട്രാന്‍സ്മിഷന്‍, 11 എയര്‍പോര്‍ട്ടുകളുടെ പുനരുദ്ധാരണം ഇവയൊക്കെയാണ് കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിന്റെ പ്രതിച്ഛായ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍. ഐടി ഹബ്ബായി ജമ്മു കശ്മീരിനെ മാറ്റിയെടുക്കാനും നിക്ഷേപകരെ ആകര്‍ഷിക്കാനും ഈ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ജമ്മു കശ്മീരിലേക്ക് തൊഴിലവസരങ്ങളും, വ്യവസായവത്കരണവും എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലാണ്. നിക്ഷേപകരുമായി പങ്കുവെച്ച പുതിയ നയരേഖയിലാണ് ഈ വിവരങ്ങളുള്ളത്. രണ്ട് ഐടി പാര്‍ക്കുകളാണ് സംസ്ഥാനത്ത് ഒരുങ്ങുക. ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളിലാണ് ഇവ ഒരുക്കുക. 5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഐടി പാര്‍ക്കുകള്‍ 2021നുള്ളില്‍ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഐടി പാര്‍ക്കുകള്‍ ക്ലസ്റ്റര്‍ മോഡിലാണ് വികസിപ്പിക്കുക. സുരക്ഷിതമായ ഇന്‍ഫ്രാസ്ട്രക്ചര്‍, ഫൈബര്‍ ഒപ്റ്റിക് കണക്ടിവിറ്റി എന്നിവയും ഇതിന്റെ ഭാഗമാകും. ഈ പാര്‍ക്കുകള്‍ എയര്‍പോര്‍ട്ടുകളുമായി ബന്ധിപ്പിക്കാനും നടപടി സ്വീകരിക്കും. 11 വിമാനത്താവളങ്ങളാണ് വികസിപ്പിക്കുക. രണ്ട് വിമാനത്താവളങ്ങള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ്.
ഇതിന് പുറമെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ പൂഞ്ച്, രജൗരി, ഗുരെക്‌സ് എന്നിവയും വികസിപ്പിച്ച് ജനങ്ങളുടെ ഉപയോഗത്തിനായി തുറന്ന് കൊടുക്കുമെന്ന് നയരേഖ വ്യക്തമാക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി മാറ്റിയ ശേഷം കേന്ദ്ര ഭരണപ്രദേശത്ത് ആഗസ്റ്റ് 5 മുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് 2ജി സര്‍വ്വീസ് പുനരാരംഭിച്ചത്.
സ്വകാര്യ ഡെവലപ്പേഴ്‌സിന് സ്ഥലം വിട്ടനല്‍കാന്‍ ഭൂബാങ്കുകള്‍ തുടങ്ങുമെന്നും റിയല്‍ എസ്റ്റേറ്റ് നയം വ്യക്തമാക്കി.