തിരുവനന്തപുരം: വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തില്‍ നടപടികളുമായി സര്‍ക്കാര്‍. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്നങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ഉന്നത തല സമിതി രൂപീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വയനാട് പടമലയില്‍ ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ജില്ലയില്‍ പ്രതിഷേധം തുടരവെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനെയും അഡ്വക്കേറ്റ് ജനറലിനെയും ചുമതലപ്പെടുത്തി. വയനാട്ടില്‍ റവന്യൂ, പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനിച്ചു.
കര്‍ണാടകയില്‍ നിന്നുള്ള ആന മുത്തങ്ങ ഭാഗത്തേക്ക് കടന്നത് ഫെബ്രുവരി രണ്ടിനാണ്. എന്നാല്‍ ആനയെ ട്രാക്ക് ചെയ്യാന്‍ കഴിയാഞ്ഞത് രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ആശയ വിനിമയത്തില്‍ പറ്റിയ വീഴ്ച മൂലവും. ഇത് പരിഗണിച്ചാണ് ഭാവിയില്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ സമിതി രൂപീകരിക്കാനുള്ള തീരുമാനം. കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാകും സമിതിയില്‍ ഉണ്ടാവുക.
ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടില്‍ റവന്യൂ, പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരും. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ പ്രത്യേക ടീമിനെ നിയോഗിക്കും. രണ്ടു പുതിയ ആര്‍ആര്‍ടികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാനും തീരുമാനമായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വയനാട്ടിലെ ജനപ്രതിനിധികളുമായി വ്യാഴാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.