യുവാക്കളേ ഇതിലേ ഇതിലേ; പൗരത്വ ബില്‍ പ്രതിഷേധം ആയുധമാക്കി കോണ്‍ഗ്രസ്

ന്ത്യയിലെ ചെറുപ്പക്കാരില്‍ നിന്നും അകന്ന് നില്‍ക്കുന്നുവെന്ന ചീത്തപ്പേരാണ് കോണ്‍ഗ്രസ് ഏറെ നാളായി കേള്‍ക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ തങ്ങളുടെ അക്കൗണ്ടിലാക്കി ഇന്ത്യയിലെ യുവാക്കളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്. ബിജെപി സ്വന്തം ജനങ്ങളുമായുള്ള യുദ്ധത്തിലാണ് എന്ന സന്ദേശം രാജ്യത്താകമാനം പടര്‍ത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

ബിജെപിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ നിന്നും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് തങ്ങളുടേതെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലയുറപ്പിച്ച് യുവാക്കളിലേക്ക് എത്താനാണ് പാര്‍ട്ടിയുടെ ശ്രമം. അണ്ണാ ഹസാരെ 201112 കാലത്ത് സംഘടിപ്പിച്ച അഴിമതി വിരുദ്ധ സമരങ്ങളാണ് കോണ്‍ഗ്രസിനെ യുവാക്കളുടെ കണ്ണിലെ കരടാക്കിയത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും മോശം തകര്‍ച്ച ഏറ്റുവാങ്ങുകയും യുപിഎ ഭരണം അവസാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനം ആ സമരങ്ങളായിരുന്നു. പല വിഷയങ്ങളിലും നിലപാട് വ്യക്തമാക്കാന്‍ കഴിയാതെ കുരുങ്ങിയ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നിയമത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുകയും, വിദ്യാര്‍ത്ഥികളുടെ ശബ്ദമായി മാറാന്‍ ശ്രമിക്കുന്നതും ഇതുകൊണ്ട് തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

പൗരത്വ നിയമം, ദേശീയ പൗരത്വ നിയമം എന്നിവ കേന്ദ്രീകരിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി, യൂത്ത് വിഭാഗങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ പാര്‍ട്ടികളും സംസ്ഥാനങ്ങളും പ്രതിഷേധം ഉയര്‍ത്തിയതിനാല്‍ രാജ്യവിരുദ്ധനെന്ന മുദ്രകുത്തുമെന്ന ഭയമില്ലാതെയാണ് കോണ്‍ഗ്രസിന്റെ പുതിയ ഉണര്‍വ്വ്. കാര്യങ്ങള്‍ക്ക് തീപിടിച്ചാല്‍ ബിജെപിയെ മറിച്ചിടാമെന്ന ചിന്തയും അവര്‍ക്കുണ്ട്.

Top