പൗരത്വ ബില്ലില്‍ പണിപാളുമെന്ന് ഭയന്ന് ബിജെപി; ക്ലച്ച് പിടിക്കാന്‍ പുതിയ പദ്ധതി

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് ഡല്‍ഹി ബിജെപി ഘടകം. പ്രതിപക്ഷം നിയമത്തെക്കുറിച്ച് നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അടിവേര് ഇളക്കുമെന്നാണ് ബിജെപി ഭയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപി ഘടകം ഒരുങ്ങുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രചരണങ്ങള്‍ നയിക്കാനാണ് ഡല്‍ഹി ബിജെപി ആദ്യം തയ്യാറെടുത്തത്. പക്ഷെ പൗരത്വ ബില്‍ ഇതില്‍ താളം തെറ്റിച്ചു. പൗരത്വ ബില്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് അവസാനിപ്പിച്ച് ശരിയായ വസ്തുതകള്‍ ആളുകളെ ബോധ്യപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായത്തോടെയാണ് പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നത്. മുസ്ലീങ്ങള്‍ക്കിടയില്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളാണ് ഇതിന് കാരണമെന്ന് ബിജെപി വിശ്വസിക്കുന്നു. കൂടാതെ ഇത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകളെ കെടുത്തുമെന്നും അവര്‍ ആശങ്കപ്പെടുന്നു. കഴിഞ്ഞ ആഴ്ച മുതല്‍ തലസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ ഈ ആഴ്ച കൂടുതല്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്.

ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശം അനുവദിച്ച് നടത്തുന്ന പ്രഖ്യാപനങ്ങള്‍ക്ക് ശേഷമാകും ബിജെപി നീക്കങ്ങള്‍ സജീവമാക്കുക.

Top