ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 2,000 രൂപ പിഴയടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നിലവില്‍ 500 രൂപയാണ് പിഴ തുക. ഡല്‍ഹിയിലെ പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്യണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും അദ്ദേഹം ആവശ്യപ്പെട്ടു.
ദീപാവലി ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ തിരക്കിനെ തുടര്‍ന്ന് നവംബര്‍ ആദ്യം മുതല്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെയും മരണസംഖ്യയുടെയും എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 8,000 കടന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാരാമെഡിക്കല്‍ സംഘത്തെ ഡല്‍ഹിയില്‍ നിയോഗിക്കുകയും ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 663 ആശുപത്രികളിലെയും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 750 ആശുപത്രികളിലെയും ഐസിയു കിടക്കകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്.
അതേസമയം, കോവിഡ് രോഗ വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കോടതി ഇടപെടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.