വാഹനത്തില്‍ ഇന്ധനം നിറയ്ക്കണമെങ്കില്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ഡൽഹി സർക്കാർ. ഒക്ടോബര്‍ 25 മുതലാണ് തീരുമാനം നടപ്പിലാവുക. പമ്പുകളില്‍ നിന്ന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും നല്‍കില്ലെന്നാണ് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി ശനിയാഴ്ച വിശദമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് സെപ്തംബര്‍ 29ന് നടന്ന യോഗത്തില്‍ പരിസ്ഥിതി, ഗതാഗത, ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ദില്ലിയില്‍ മലിനീകരണം കുറയ്ക്കുന്നതില്‍ വലിയൊരു പങ്കിനുള്ള ഉത്തരവാദിത്തം വാഹനങ്ങളെന്നാണ് വിലയിരുത്തല്‍. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവര്‍ക്ക് എടുക്കാനുള്ള അവസരം നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഒക്ടോബര്‍ 3 മുതല്‍ ലഭ്യമാകും. പൊടി നിയന്ത്രണത്തിന് വേണ്ടിയുള്ള ബോധവല്‍ക്കരണം ഒക്ടോബര്‍ 6 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.