ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനകാര്യ മന്ത്രിയായ നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ച് ദിവ്യാ സ്പന്ദന

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രിയായി അധികാരമേറ്റ നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് വക്താവ് ദിവ്യാ സ്പന്ദന. പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ, ധനവകുപ്പുകള്‍ അധികച്ചുമതലയായി വഹിച്ചിട്ടുള്ള ഇന്ദിരാ ഗാന്ധിയ്ക്ക് ശേഷം ധനകാര്യ മന്ത്രിയായ നിര്‍മ്മല സീതാരാമനെ ട്വിറ്ററിലൂടെയാണ് അഭിനന്ദിച്ചത്. വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പുതിയ മന്ത്രിസഭയിലില്ലാത്ത നിലയ്ക്ക്, സുരക്ഷാകാര്യ സമിതിയിലെ ഏക വനിത കൂടിയാണു നിര്‍മ്മല.

സമ്പദ് വ്യവസ്ഥയെ തിരിച്ച് പിടിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമെന്നും ഞങ്ങള്‍ ഒപ്പമുണ്ടെന്നുമാണ് ദിവ്യ പറഞ്ഞു. അഭിനന്ദനവും വിമര്‍ശനവും ഒരുമിച്ചാണ് അവര്‍ നല്‍കിയത്. ‘അഭിനന്ദനങ്ങള്‍, മുമ്പ് ഒരു സ്ത്രീ മാത്രം കൈകാര്യം ചെയ്ത പദവി ഏറ്റെടുത്തതിന്. 1970ല്‍ ഇന്ദിരാ ഗാന്ധി സ്ത്രീകള്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചു. ജി.ഡി.പി ഇപ്പോള്‍ നല്ല നിലയിലല്ല. എനിക്ക് ഉറപ്പുണ്ട് നിങ്ങള്‍ക്കത് തിരിച്ച് പിടിക്കാന്‍ കഴിയും, ഞങ്ങളുടെ പിന്തുണയുണ്ട്. എല്ലാവിധ ആശംസകളും നേരുന്നുവെന്ന്’-ദിവ്യ ട്വിറ്ററില്‍ കുറിച്ചു.

Top