പാര്‍ലമെന്റ് ചര്‍ച്ചകളുടേയും സംവാദങ്ങളുടേയും വേദിയാവണമെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചകളുടേയും സംവാദങ്ങളുടേയും വേദിയാവണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

ഇന്ത്യന്‍ ഭരണഘടന പ്രതിനിധാനം ചെയ്യുന്നത് ശത കോടി ജനങ്ങളുടെ പ്രതീക്ഷകളേയും അഭിലാഷങ്ങളേയുമാണ്. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ചേര്‍ന്നു നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമനിര്‍മാണങ്ങള്‍ മതിയായ ചര്‍ച്ചകളിലൂടേയും ഇഴകീറിയുള്ള പരിശോധനകളിലൂടെയും വേണം. ഇതിന് നമ്മള്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രത്തിന്റെ വിശ്വാസ്യതയ്ക്കാണ് ഇടിവ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിടവാങ്ങല്‍ ചടങ്ങില്‍ മന്ത്രിമാരും ഇരു സഭകളിലെയും എംപിമാരും പങ്കെടുത്തു. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പീക്കറും മന്ത്രിമാരും കക്ഷിനേതാക്കളും ഉള്‍പ്പടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ ഒപ്പിട്ട പ്രത്യേക ഉപഹാരവും രാഷ്ട്രപതിക്കു നല്‍കി.

24-നു വൈകുന്നേരം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും രാഷ്ട്രപതി അത്താഴ വിരുന്നു നല്‍കും.

25-ന് നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രണബ് മുഖര്‍ജിയും കോവിന്ദും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെത്തും. പുതിയ രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് പ്രണബ് മുഖര്‍ജി കേന്ദ്രമന്ത്രിയുടെ അകമ്പടിയോടെ 10 രാജാജി മാര്‍ഗിലെ പുതിയ വസതിയിലേക്ക് പോകും.

Top