മുഖ്യമന്ത്രിയെ വിമാനയാത്രക്കിടെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ എംഎൽഎ കെ എസ് ശബരീനാഥന് നോട്ടീസ്. നാളെ 10 ന് ശംഖുമുഖം എസിപിയുടെ മുന്നിൽ ഹാജരാകണം എന്നാണ് നിർദേശം. നോട്ടീസ് ശബരീനാഥിന് കൈമാറി. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നിർദേശം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥാണെന്ന് തെളിയിക്കുന്ന യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്‌ആപ് ഗ്രൂപ്പ് ചാറ്റുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഇത് ഗൂഢാലോചനക്കേസിലെ നിർണായക തെളിവാകുമെന്നും സൂചനയുണ്ട്.
“സിഎം കണ്ണൂരിൽ നിന്ന് വരുന്നുണ്ട്. രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കണം’ എന്ന് കെ എസ് ശബരിനാഥൻ നിർദേശം നൽകിയിരിക്കുന്നതാണ് ചാറ്റിൽ കാണാൻ കഴിയുന്നത്. വിമാനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാൻ ആകില്ലെന്നും ശബരിനാഥൻ പറയുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ഗ്രൂപ്പിന്റെ അഡ്‌മിൻ. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജിൽ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത് സമരക്കാരെ സ്വീകരിക്കാൻ ശബരിനാഥൻ മുന്നിലുണ്ടാകണമെന്നും ചാറ്റിൽ പറയുന്നുണ്ട്. വിമാനത്തിനുള്ളിലെ അക്രമം കളർഫുള്ളും അടിപൊളിയും ആകുമെന്നും അതിനാൽ ടിക്കറ്റിന് എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കൾ പറയുന്നുണ്ട്. 109ഓളം നേതാക്കൾ അടങ്ങിയതാണ് വാട്സ്‌ആപ്പ് ഗ്രൂപ്പ്.