ജപ്പാനിലെ ‘കൊറോണാ’ കപ്പല്‍;ഒടുവില്‍ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് എംബസിയുടെ വിളിയെത്തി

കൊറോണാവൈറസ് ബാധ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരുമായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ബന്ധപ്പെട്ടു. സഹായം അഭ്യര്‍ത്ഥിച്ച് ജീവനക്കാര്‍ വീഡിയോ സന്ദേശം പുറത്തുവിട്ടതോടെയാണ് എംബസി ബന്ധപ്പെട്ടത്.

ഡയമണ്ട് പ്രിന്‍സസിലെ ജീവനക്കാരനായ അന്‍പളഗനാണ് ടോക്യോയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ബന്ധപ്പെട്ടതായി പുതിയ വീഡിയോ വഴി വ്യക്തമാക്കിയത്. ആവശ്യമുള്ള സഹായങ്ങള്‍ നല്‍കാമെന്ന് എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സ്വദേശിയാണ് അന്‍പളഗന്‍. ജീവനക്കാര്‍ക്ക് ആവശ്യമായ തെര്‍മോമീറ്റര്‍, ഫേസ് മാസ്‌ക്, സാനിറ്റൈസിംഗ് നാപ്കിന്‍ എന്നിവ കപ്പല്‍ മാനേജ്‌മെന്റ് എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

10 ദിവസത്തിനുള്ളില്‍ അന്‍പളഗനും, മറ്റുള്ളവരും വീട്ടില്‍ തിരികെ എത്തുമെന്നാണ് കപ്പല്‍ കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. കപ്പലിലെ യാത്രക്കാരില്‍ 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുള്ളതായി അന്‍പളഗന്‍ വീഡിയോയില്‍ പറയുന്നു. വൈറസ് പടര്‍ന്നുപിടിച്ചതോടെയാണ് യാത്രാകപ്പല്‍ ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്തത്.

തങ്ങളെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്ന വീഡിയോയാണ് കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ നേരത്തെ പുറത്തുവിട്ടത്. കപ്പലില്‍ 44 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ക്വാറന്റൈന്‍ ചെയ്ത കപ്പലിലെ കൊറോണ രോഗികളുടെ എണ്ണം 218 ആയി. ഏകദേശം 3500 പേരാണ് യാത്രാ കപ്പലിലുള്ളത്. നെഗറ്റീവായി കണ്ടെത്തിയ പ്രായമായ യാത്രക്കാരെ കപ്പലില്‍ നിന്നും പുറത്തിറക്കുമെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Top