വാഷിംഗ്ടണ്‍ : പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുണ്ടെന്ന് യു.എസ് കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ട്. പാക്ക് സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം തുടരുകയാണെന്നും ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കിലും സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നിരന്തരമായി പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനെതിരായ യു.എസ് കോണ്‍ഗ്രസ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്) ആണ് അവിടത്തെ രാഷ്ട്രീയ സ്ഥിതി വ്യക്തമാക്കുന്ന ‘പാക്കിസ്ഥാന്‍ ഡൊമസ്റ്റിക് പൊളിറ്റിക്കല്‍ സെറ്റിങ്’ എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇമ്രാന്‍ ഖാന്‍ ഒരു രാഷ്ട്രീയ അനുഭവപരിചയവുമില്ലാതെയാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിനും സൈന്യത്തിന്റെ സഹായം ലഭിച്ചിരുന്നതായി സംശയമുണ്ടെന്നും കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ പുറത്താക്കാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗിനേ ക്ഷയിപ്പിക്കാനും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചതായി സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയായിരിക്കാം, എന്നാല്‍ വിദേശകാര്യത്തിലും ദേശീയ സുരക്ഷാ നയത്തിലും സൈന്യം സ്വാധീനം ചെലുത്തുന്നുണ്ടെന്നും,നിരോധിച്ച തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ പാക്കിസ്ഥാനില്‍ തീവ്രവാദം ശക്തിപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുജന ക്ഷേമവും മികച്ച വിദ്യാഭ്യാസവും നല്ല ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുമുള്ള പുതിയ പാക്കിസ്ഥാന്‍ എന്ന ദര്‍ശനം നടപ്പാക്കാന്‍ ഇമ്രാന്‍ ഖാന് കഴിഞ്ഞിട്ടില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.