ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,139 കോവിഡ് ബാധിതരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത്.
ഒറ്റ ദിവസത്തിനിടെ കോവിഡ് ബാധിച്ച് 134 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3163 ആയി.
രാജ്യത്ത് ഇപ്പോള്‍ 58,803 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 39,173 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 38.73 ശതമാനമാണ് ഇപ്പോള്‍ രോഗമുക്തി നിരക്ക്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 24 മണിക്കൂറിനിടെ 2005 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 35058 ആയി ഉയര്‍ന്നു. 51 പേരാണ് രോഗം ബാധിച്ച് ഇന്നലെ ഇവിടെ മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1249 ആയി ഉയര്‍ന്നു.