ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും വിഹരിക്കുന്നതിനാല്‍ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി മദ്യ വ്യവസായി വിജയ് മല്യയുടെ അപേക്ഷ.
ശതകോടികള്‍ ബാങ്കുകളെപ്പറ്റിച്ച് മുങ്ങിയ മല്യയെ തിരികെ കൊണ്ടുവരാന്‍ സുപ്രീം കോടതിയടക്കം ഇടപെട്ട സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി മദ്യ രാജാവ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ജയിലുകളില്‍ ആളുകളുടെ എണ്ണം കൂടുതലാണെന്നും, വൃത്തിയില്ലാത്തതുമാണെന്നും വ്യക്തമാക്കികൊണ്ടാണ് മല്യ ബ്രിട്ടനിലെ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ് മല്യ. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.
അതേസമയം ബ്രിട്ടനിലെ ജയിലുകളില്‍ മുഴുവന്‍ സമയവും 12 ഡോക്ടര്‍മാരും, 60 നേഴ്‌സുമാരുമുണ്ടെന്നും മല്യ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ജനുവരി 10ന് കോടതി അന്തിമ വാദം കേള്‍ക്കും.
ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയതാണ് മല്യ. കേസില്‍ മല്യയെ വിട്ടുനല്‍കാന്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് ജയിലുകളുടെ ശോചനീയാവസ്ഥ വിവരിച്ച് മല്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥയാണ് ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ.അലന്‍ മിച്ചലിന്‍ മുഖാന്തരം മല്യ വിശദീകരിച്ചത്. ഇവിടേക്ക് അയച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാവുമെന്നും മല്യ വ്യക്തമാക്കി.