ജാർഖണ്ഡിൽ ഹേമന്ത് സോറൻ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. യു.പി.എ സർക്കാരിന് 48 എം.എൽ.എമാരുടെ പിന്തുണയുണ്ട്.81 അംഗ നിയമസഭയിലാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ യു.പി.എ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതോടെ ജാർഖണ്ഡിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിയായി.
വിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു- “അവർ (ബി.ജെ.പി) അധികാര രാഷ്ട്രീയവും ഹിന്ദു-മുസ്‍ലിം രാഷ്ട്രീയവും മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ ഞാന്‍ ഷിബു സോറന്റെ മകനാണ്. ഞാൻ പേടിക്കില്ല. ബി.ജെ.പി ബിസിനസുകാരുടെ പാർട്ടിയാണ്. അവർ ഞങ്ങളുടെ എം.എൽ.എമാരെ വാങ്ങാൻ ശ്രമിച്ചു. ഭരണപക്ഷത്തെ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി. പക്ഷേ വിജയിച്ചില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ തക്കതായ മറുപടി നൽകും. ബി.ജെ.പി തുടച്ചുനീക്കപ്പെടും”.