വഴിത്തര്‍ക്കം; കണ്ണൂരില്‍ വീട്ടമ്മയെ അയല്‍വാസി മര്‍ദ്ദിച്ചു

കണ്ണൂര്‍: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂരില്‍ വീട്ടമ്മയെ അയല്‍വാസി മര്‍ദ്ദിച്ചതായി പരാതി. പായം സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രസന്നയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവം നടന്ന് നാല് മാസം കഴിഞ്ഞിട്ടും മര്‍ദ്ദിച്ച ആള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രസന്ന ആരോപിച്ചു.

കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് വീടിനോട് ചേര്‍ന്നുള്ള വഴിയെ ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം നടക്കുന്നത്. ഇതിനിടെ അയല്‍വാസിയായ സുരേഷ് ബാബു കാറിന്റെ താക്കോല്‍ കയ്യില്‍ തിരികി മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു എന്നാണ് പ്രസന്നയുടെ പരാതി. മൂക്കിനും , കണ്ണിനും ഗുരുതരമായി പരിക്കേറ്റ പ്രസന്നയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കും , ചികിത്സക്കുമായി ലക്ഷങ്ങള്‍ ചെലവഴിച്ചു.

സൈന്യത്തില്‍ നിന്ന് വിരമിച്ച സുരേഷ് ബാബു കോയമ്പത്തൂരില്‍ ആണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. നാട്ടില്‍ അവധിക്ക് വന്നപ്പോഴാണ് സംഭവം നടക്കുന്നത്. ഇരുവീട്ടുകാരും തമ്മില്‍ വര്‍ഷങ്ങളായി വഴിയുടെ പേരില്‍ പ്രശ്‌നത്തിലാണ്. ഏപ്രില്‍ അഞ്ചിന് സുരേഷ് ബാബു പ്രസന്നയെ മര്‍ദ്ദിക്കുന്നത് കണ്ടതായി അയല്‍ക്കാരും പറയുന്നുണ്ട്.

എന്നാല്‍ പ്രതിയെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇരിട്ടി പൊലീസ് പറയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

Top