കർണ്ണാടകയിൽ ‘യഥാർത്ഥ’ വെല്ലുവിളി നേരിടാൻ പോകുന്നത് ഫലപ്രഖ്യാപനത്തിനു ശേഷം മാത്രം !

ർണാടക എന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഇത്തവണ ഭരണം തിരിച്ചു പിടിക്കുക എന്നത് കോൺഗ്രസ്സിന്റെയും രാഹുൽ ഗാന്ധിയുടെയും നിലനിൽപ്പിന്റെ പ്രശ്നംകൂടിയാണ്. ഇത്തവണ ഭരണം കൈവിട്ടാൽ ഇനി ഒരവസരം ഉണ്ടാകില്ലന്നതും ഏറ്റവും നന്നായി അറിയാവുന്നതും കോൺഗ്രസ്സ് നേതാക്കൾക്ക് തന്നെയാണ്. ഭിന്നത പല കാര്യങ്ങളിലുംഉണ്ടെങ്കിലും കർണ്ണാടകയിലെ പ്രധാന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തൽക്കാലം അതെല്ലാം മനസ്സിലൊതുക്കി പാർട്ടിയുടെ വിജയത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രമേശ് ചെന്നിത്തല ഉൾപ്പെടെയുളള കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളും കർണ്ണാടക തിരഞ്ഞെടുപ്പു പ്രചരണത്തിൽ സജീവമാണ്. പി.സി വിഷ്ണുനാഥ്, റോജി ജോൺ തുടങ്ങിയ കേരള എം.എൽ.എമാർക്ക് പ്രത്യേക തിരഞ്ഞെടുപ്പ് ചുമതലയും ഹൈക്കമാന്റ് നൽകിയിട്ടുണ്ട്.

കർണ്ണാടകയിൽ ഭരണം പിടിച്ചാൽ അയൽ സംസ്ഥാനമായ കേരളത്തിലും പാർട്ടിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്നാണ് കേരള നേതാക്കളുടെ കണക്കു കൂട്ടൽ. തിരിച്ചു സംഭവിച്ചാൽ അത് കേരളത്തിലെ കോൺഗ്രസ്സിന്റെ അവസ്ഥയെയും ദയനീയമാക്കും. പുറത്തു വരുന്ന അഭിപ്രായ സർവേ ഫലങ്ങൾ കോൺഗ്രസ്സിന് പ്രതീക്ഷ നൽകുന്നതാണെങ്കിലും ഹൈക്കമാന്റ് ആശങ്കയിൽ തന്നെയാണുള്ളത്. തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ നീക്കങ്ങളേക്കാൾ തിരഞ്ഞെടുപ്പിനു ശേഷമുള്ള ബി.ജെ.പിയുടെ നിക്കങ്ങളെയാണ് കോൺഗ്രസ്സ് നേതൃത്വം ഭയപ്പെടുന്നത്. കോൺഗ്രസ്സിനു ഭൂരിപക്ഷം കിട്ടിയാൽ പോലും എം.എൽ.എമാരെ പിളർത്തി ബി.ജെ.പി വീണ്ടും ഭരണം പിടിക്കുമോ എന്നാണ് രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾ ഭയപ്പെടുന്നത്.

അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ സകല സംവിധാനങ്ങളും ഇപ്പോൾ തന്നെ കർണ്ണാടകയിൽ സജീവമാണ്. കേന്ദ്ര ഭരണവും കേന്ദ്ര ഏജൻസികളും കൈവശമുള്ളതിനാൽ ബി.ജെ.പിയെ ‘മടിയിൽ കനമുള്ള’ കോൺഗ്രസ്സ് എം.എൽ.എമാർക്ക് മാത്രമല്ല വിജയിച്ചു വരുന്ന ജെ.ഡി.എസ് – എം എൽ.എമാർക്കും ഭയക്കേണ്ടി വരും. ചരിത്രം അവരെ പഠിപ്പിച്ച പാഠവും അതു തന്നെയാണ്. കഴിഞ്ഞ തവണ അധികാരത്തിൽ വന്ന കോൺഗ്രസ്സ് – ജെ.ഡി എസ് സർക്കാറിനെ വീഴ്ത്തി ബി.ജെ.പിക്ക് കർണ്ണാടകയിൽ സർക്കാർ ഉണ്ടാക്കാൻ സാധിച്ചത് ഇത്തരം പവർ പൊളിറ്റിക്സ് കളിച്ചതു കൊണ്ടാണ്. പണവും ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്താൽ എളുപ്പത്തിൽ മറുകണ്ടം ചാടുന്ന ജനപ്രതിനിധികൾ എക്കാലത്തും കോൺഗ്രസ്സിന്റെ ശാപമാണ്. രാജ്യത്തെ കോൺഗ്രസ്സിനെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തിച്ചതിനു പിന്നിലും ഇത്തരം ആളുകൾ തന്നെയാണുള്ളത്.

വിശ്വസിക്കാൻ പറ്റാത്ത പാർട്ടി എന്ന ഇമേജാണ് കൂറുമാറ്റം വഴി കോൺഗ്രസ്സിന് ഉണ്ടായിരിക്കുന്നത്. ഈ ചീത്തപ്പേര് ഇത്തവണ ആവർത്തിക്കാൻ അനുവദിക്കില്ലന്ന് കർണ്ണാടകയിലെ കോൺഗ്രസ്സ് നേതാക്കൾ പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമായി നടക്കുമെന്നത് കണ്ടു തന്നെ അറിയേണ്ടിവരും. കഴിഞ്ഞ തവണ പാർട്ടി വിട്ടുവന്ന കോൺഗ്രസ്സ് – ജെ.ഡി.എസ് എം എൽ എമാർക്ക് ഇത്തവണയും സീറ്റുകൾ നൽകിയ ബി.ജെ.പി പ്രതിപക്ഷത്തിന് നൽകിയിരിക്കുന്നത് വ്യക്തമായ സന്ദേശം കൂടിയാണ്. “ഒപ്പം വന്നാൽ, കൈവിടില്ലന്ന” സന്ദേശമാണത്. കോൺഗ്രസ്സിനെ ആശങ്കയിലാഴ്ത്തുന്നതും ഇതൊക്കെ തന്നെയാണ്.

ഫലപ്രഖ്യാപനത്തിനു മുൻപു തന്നെ വിജയ സാധ്യതയുളള മുഴുവൻ സ്ഥാനാർത്ഥികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ കോൺഗ്രസ്സും ജെ.ഡി.എസും ഇതിനകം തന്നെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഭൂരിപക്ഷം കിട്ടിയാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി വിലപേശൽ നടക്കാതെ നോക്കാൻ ശക്തമായ ഇടപെടൽ നടത്താനും കോൺഗ്രസ്സ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തും. കർണ്ണാടകയിലൂടെ രാജ്യത്തിലെ കോൺഗ്രസ്സിനു ജീവവായു നൽകണമെന്നാണ് ഹൈക്കമാന്റ് കർണ്ണാടകയിലെ പാർട്ടിനേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേവല ഭൂരിപക്ഷം കിട്ടിയാൽ ഹൈക്കമാന്റ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കണമെന്ന സന്ദേശവും സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനും രാഹുൽ ഗാന്ധി തന്നെ നേരിട്ടു നൽകിയിട്ടുണ്ട്. അതുവരെ ഒരു ഭിന്നതയും പുറത്ത് വരരുതെന്നതാണ് നിർദ്ദേശം.

മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയും പി.സി.സി അദ്ധ്യക്ഷനായ ഡി.കെ ശിവകുമാറും മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നവരാണ്. കേവല ഭൂരിപക്ഷം കിട്ടിയാൽ ഇരു വിഭാഗത്തെയും പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ എണ്ണംകൂടി പരിശോധിക്കാതെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഹൈക്കമാന്റിനും പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. ബി.ജെ.പിയെ പോലെ ഒരു കേഡർ സ്വഭാവമുള്ള പാർട്ടി അല്ലാത്തതിനാൽ രണ്ടു പേരിൽ ആരു തന്നെ പിണങ്ങിയാലും കോൺഗ്രസ്സിനതു വലിയ വെല്ലുവിളിയായി മാറും. അഭിപ്രായ സർവേകളിൽ കോൺഗ്രസ്സിനു മുൻതൂക്കം പ്രവചിക്കുമ്പോഴും ബി.ജെ.പി കുലുങ്ങാത്തതും അതു കൊണ്ടാണ്. എത്ര കുറച്ച് സീറ്റുകൾ ലഭിച്ചാലും കർണ്ണാടക ഭരണം നിലനിർത്താൻ, എന്തു ‘കടുംകൈ’ പ്രയോഗത്തിനും, ഇത്തവണയും ബി.ജെ.പി തയ്യാറാകും.

ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനം കൈവിട്ടാലുള്ള പ്രത്യാഘാതം എന്തായിരിക്കും എന്നതിൽ ശരിക്കും ബോധ്യമുള്ളവരാണ് മോദിയും അമിത് ഷായും. പ്രതിപക്ഷത്തിന് ദേശീയ തലത്തിൽ കരുത്തു പകരുന്ന അത്തരം ഒരവസ്ഥ ആർ.എസ്.എസ് നേതൃത്വവും ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ സകല സംഘപരിവാർ സംഘടനകളും സർവ്വ ശക്തിയും ഉപയോഗിച്ചാണ് ബി.ജെ.പിക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. സംഘപരിവാർ സംഘടനയായ ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം പരിവാർ സംഘടനകളെ വല്ലാതെയാണ് പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ ബി.ജെ.പി. സർക്കാർ എടുത്തു കളഞ്ഞ മുസ്ലീം സംവരണം പുനസ്ഥാപിക്കുമെന്നും കോൺഗ്രസ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട് നടത്തിയ നീക്കമായാണ് ഇതിനെ സംഘപരിവാർ നോക്കി കാണുന്നത്. ഇതോടെ തിരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടിൽ എത്തുമ്പോൾ തിരഞ്ഞെടുപ്പ് പ്രചരണ അജണ്ട തന്നെ മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയുളള പ്രചരണത്തിനാണ് ബി.ജെ.പി അവസാന നിമിഷം രൂപം കൊടുത്തിരിക്കുന്നത്. ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് മോദി നടത്തിയിരിക്കുന്നത്. മോദിയെ ചെറുക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോൺഗ്രസ്സിന്റെ തുരുപ്പു ചീട്ട് മോദിക്കു മേൽ കർണ്ണാടകയിൽ ഒരു വിജയം നെഹറു കുടുംബം വല്ലാതെ തന്നെ ആഗ്രഹിക്കുന്നുണ്ട്. ഇവിടെ കൂടി പരാജയപ്പെട്ടാൽ ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി കൂടിയാണ് ചോദ്യം ചെയ്യപ്പെടുക. പാർട്ടിക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും അതോടെ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.

“പരമാവധി സീറ്റുകൾ നേടുക, ഭരണം ലഭിക്കാൻ വേണ്ടിവന്നാൽ ജെ.ഡി.എസുമായി സഖ്യമാവുക, കോൺഗ്രസ്സിലെ അസംതൃപ്തരെ അടർത്തിയെടുക്കുക” എന്നതൊക്കെ കർണ്ണാടകയിലെ ബി.ജെ.പിയുടെ അജണ്ടകളാണ്. അഥവാ കോൺഗ്രസ്സിനു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാൽ സിദ്ധരാമയ്യ – ഡി.കെ ശിവകുമാർ വിഭാഗങ്ങൾ ചേരിതിരിയുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. അത്തരമൊരു സാഹചര്യത്തിൽ വേണ്ടി വന്നാൽ ഒരു വിഭാഗത്തെ ഒപ്പം നിർത്തി പുറത്തു നിന്നും പിന്തുണയ്ക്കാൻ വരെ ബി.ജെ.പി നേതൃത്വം തയ്യാറായേക്കും. അതിനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. അതേസമയം ഭരണ വിരുദ്ധ വികാരം കർണ്ണാടകയിൽ ഉണ്ട് എന്നു തെളിയിക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

siddaramaiah

മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നാണ് എൻ.ഡി.ടി.വിയും ലോക് നീതി സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസും നടത്തിയ അഭിപ്രായ സർവേയിൽ പറയുന്നത്. ബി.ജെ.പിയുടെ ബസവരാജ് ബൊമ്മൈക്കാണ് അഭിപ്രായവോട്ടെടുപ്പിൽ രണ്ടാംസ്ഥാനം. യുവാക്കൾക്കിടയിൽ ബൊമ്മൈയും മുതിർന്ന വോട്ടർമാർക്കിടയിൽ സിദ്ധരാമയ്യയുമാണ് ജനകീയരെന്നാണ് സർവേയിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 18നും 25നുമിടെ പ്രായമുള്ളവരിൽ, 40 ശതമാനവും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടവരാണ്. 28 ശതമാനമാണ് ബൊമ്മൈയെ പിന്തുണച്ചിരിക്കുന്നത്. 56 വയസിനു മുകളിലുള്ളവരിൽ 44 ശതമാനവും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്. ആ വിഭാഗത്തിൽ 22 ശതമാനം ആളുകളാണ് ബൊമ്മൈയെ പിന്തുണച്ചിട്ടുള്ളത്.

ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയാണ് ജനപ്രീതിയിൽ മൂന്നാംസ്ഥാനത്തുള്ള മുഖ്യമന്ത്രി സ്ഥാനാർഥി. അതേസമയം നാലു തവണ മുഖ്യമന്ത്രിയാവുകയും ഒരു തവണ പോലും കാലാവധി തികക്കുകയും ചെയ്യാത്ത ബി.ജെ.പിയുടെ ബി.എസ്. യെദിയൂരപ്പ ജനപ്രീതിയിൽ അഞ്ചാമനായും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങളെ തുടർന്നാണ് 2021ൽ ​യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം ബൊമ്മൈക്ക് കൈമാറിയിരുന്നത്. എന്നാൽ ബി.ജെ.പി.ക്ക് വീണ്ടും അധികാരം ലഭിച്ചാലും ബൊമ്മൈ തന്നെ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ ദേശീയ നേതാക്കൾ ഇതുവരെ മനസ്സു തുറന്നിട്ടില്ല. പ്രബല ജാതി വോട്ട് ബാങ്കുകളിലാണ് ബി.ജെ.പി പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ്സിന് അധികാരം ലഭിക്കാതെയിരിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നതാണ് കേന്ദ്ര നേതാക്കൾ പറയുന്നത്.

കർണ്ണാടകയിൽ ആര് തന്നെ അധികാരത്തിൽ വന്നാലും അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവാകും. കർണ്ണാടകയിൽ കോൺഗ്രസ്സ് ഭരണം തിരിച്ചു പിടിച്ചാൽ അത് ദേശീയ തലത്തിൽ കോൺഗ്രസ്സിനു കരുത്തായി മാറും. രാഹുൽ ഗാന്ധിയുടെ പ്രസക്തിയും വർദ്ധിക്കും. ലോകസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ നായകരാകാനും സാധിച്ചേക്കും. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അതോടെ കോൺഗ്രസ്സ് തീരും. ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ സ്വപ്നങ്ങൾക്ക് അത്തരമൊരു വിജയം കൂടുതൽ കരുത്ത് പകരും. കോൺഗ്രസ്സിന് നൽകാവുന്നതിൽ ഏറ്റവും വലിയ പ്രഹരമായും അതു മാറും.

കോൺഗ്രസ്സിനു ശക്തിയുള്ള കർണ്ണാടകയിൽ അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും ഭരണം ലഭിച്ചില്ലങ്കിൽ ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ നേതൃത്വം മറ്റു പ്രതിപക്ഷ കക്ഷികളും അംഗീകരിക്കാൻ സാധ്യതയില്ല. അവിടെയും ബി.ജെ.പിക്കാണ് കാര്യങ്ങൾ എളുപ്പമാവുക. ഇനി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരമൊരു പ്രതികൂല സാഹചര്യം കോൺഗ്രസ്സിന് വിനയാകും. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ കർണ്ണാടകയിൽ കോൺഗ്രസ്സ് വിജയിച്ചേ തീരൂ. വിജയിക്കുക മാത്രമല്ല വിജയിച്ച എം.എൽ.എമാരെ ഒപ്പം നിർത്താനും കഴിയണം. അതല്ലങ്കിൽ വീണ്ടും കർണ്ണാടകയിൽ രാഷ്ട്രീയ അട്ടിമറി ആവർത്തിക്കും. അതോടെ കോൺഗ്രസ്സിലുള്ള അവശേഷിക്കുന്ന പ്രതീക്ഷ കൂടിയാണ് അസ്തമിക്കുക.

EXPRESS KERALA VIEW

Top