കേരളത്തിനു പിന്നാലെ കര്‍ണ്ണാടകയിലും . . രാഷ്ട്രപതി ബിജെപിക്ക് നല്‍കിയത് ‘തിരിച്ചടി’

ബെംഗളൂരു: മൈസൂര്‍ ഭരണാധികാരി ടിപ്പുസുല്‍ത്താനെ പ്രകീര്‍ത്തിച്ച് രംഗത്തുവന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നടപടി ബിജെപിക്ക് കനത്ത പ്രഹരമായി.

ടിപ്പു സുല്‍ത്താന്‍ അക്രമകാരിയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയും ആണെന്നാണ് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ആനന്ദകുമാര്‍ ആരോപിച്ചിരുന്നത്.

ടിപ്പുവിന്റെ ജന്മദിന ആഘോഷപരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തും നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ ബിജെപി തന്നെ മുന്‍കയ്യെടുത്ത് രാഷ്ട്രപതിയാക്കിയ രാം നാഥ് കോവിന്ദ് ടിപ്പുവിനെ പ്രകീര്‍ത്തിച്ചത് ഭരണപക്ഷമായ കോണ്‍ഗ്രസിന് വീണുകിട്ടിയ ആയുധമായിരിക്കയാണ്.

സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് 2015 മുതല്‍ ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഈ ആഘോഷത്തെ തുടക്കം മുതല്‍ എതിര്‍ത്തുവരികയാണ്.

ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പു സുല്‍ത്താന്റേത്‌ വീരചരമമായിരുന്നുവെന്നാണ് കര്‍ണാടക നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നത്.

‘യുദ്ധത്തില്‍ മൈസുരു റോക്കറ്റുകള്‍ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തില്‍ മുമ്പേ നടന്നു. മൈസുരു റോക്കറ്റുകളുടെ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാര്‍ സ്വീകരിച്ചു’- രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തെ ഭരണകക്ഷി അംഗങ്ങള്‍ ഡസ്‌കിലടിച്ചാണു വരവേറ്റത്. അതേസമയം, പ്രതിപക്ഷാംഗങ്ങള്‍ നിശബ്ദത പാലിച്ചു.

ടിപ്പുവിന്റെ പോരാട്ടപാരമ്പര്യം കര്‍ണാടക നിലനിര്‍ത്തുന്നുവെന്ന തരത്തിലും രാഷ്ട്രപതി സംസാരിച്ചു. ‘നമ്മുടെ മികച്ച സേനാ മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയും ജനറല്‍ കെ.എസ്. തിമയ്യയും കര്‍ണാടകയുടെ മക്കളാണ്’- അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിന്റെ ഭരണ, സൈനിക പാരമ്പര്യങ്ങളെക്കുറിച്ചും കോവിന്ദ് വിശദീകരിച്ചു.

നേരത്തെ കേരളത്തിലെത്തിയ രാഷ്ടപതി മതനിരപേക്ഷതയുടെ കാര്യത്തിലും സാംസ്‌കാരിക സംരക്ഷണത്തിലും കേരളത്തെ കണ്ടു പഠിക്കാന്‍ ഏറെയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു, രാജ്യത്തിന്റെ നെടുംതൂണായ സാംസ്‌കാരിക സംരക്ഷണത്തിന് ഏറെ പ്രയത്‌നിച്ച നാടാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

കേരളത്തില്‍ ലൗജിഹാദ് ആണെന്നും ചുവപ്പ് ഭീകരതയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി ജനരക്ഷാ യാത്ര നടത്തുന്നതിനിടെ നടന്ന രാഷ്ട്രപതിയുടെ ഈ വാക്കുകള്‍ സിപിഎം ബിജെപിക്കെതിരെ വ്യാപകമായി ഉപയോഗപ്പെടുത്തുകയുണ്ടായി.

Top