മലപ്പുറം: മലപ്പുറം ജില്ലയില്‍ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിനിരത്തി വി.എസ് ജോയിയെ ഡി.സി.സി പ്രസിഡന്റാക്കാനുള്ള കോണ്‍ഗ്രസ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെയും നീക്കം മലപ്പുറത്തെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തുന്നു. വി.എസ് ജോയിയെ ഡി.സി.സി പ്രസിഡന്റായി അംഗീകരിക്കാനാവില്ലെന്നു കാണിച്ച് മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം എ, ഐ ഗ്രൂപ്പ് ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കിയിട്ടുണ്ട്.
കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ ഗ്രൂപ്പിന്റെ നോമിനിയായ വി.എസ് ജോയിയെ എ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കാനാവില്ലെന്ന കടുത്ത നിലപാടിലേക്കാണ് മലപ്പുറത്തെ എ ഗ്രൂപ്പ് നേതൃത്വം നീങ്ങുന്നത്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്മോഹന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് നേതൃത്വവും അവസാന നിമിഷം ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കുകയാണ്. എ ഗ്രൂപ്പ് നേതൃത്വത്തിന്റെ തീരുമാനപ്രകാരം ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കും വി.എസ് ജോയിയെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കാനാവില്ലെന്ന കടുംപിടുത്തതത്തിലായിരുന്നു കെ.സി വേണുഗോപാലും അനില്‍കുമാറും. അനില്‍കുമാര്‍ ഡി.സി.സി പ്രസിഡന്റാക്കാന്‍ ഡല്‍ഹിയില്‍ പോയി കരുനീക്കം നടത്തിയെങ്കിലും എം.എല്‍.എമാരെ ഡി.സി.സി പ്രസിഡന്റാക്കേണ്ടെന്ന പൊതു ഫോര്‍മുലയില്‍ തട്ടി ആ നീക്കം പൊളിഞ്ഞു. താല്‍ക്കാലിക ഡി.സി.സി പ്രസിഡന്റായ ഇ. മുഹമ്മദ്കുഞ്ഞിയെ നിലനിര്‍ത്താനുള്ള നീക്കവും പാളിയതോടെയാണ് വി.എസ് ജോയിയെ പിന്തുണക്കാന്‍ കെ.സി വേണുഗോപാല്‍ തീരുമാനിച്ചത്.
വയനാട് സീറ്റ് കിട്ടാന്‍ ഉമ്മന്‍ചാണ്ടിയെ കൈവിട്ട് കെ.സി വേണുഗോപാലിനൊപ്പം ചേര്‍ന്ന ടി.സിദ്ദിഖിന്റെ പാതയില്‍ വി.എസ് ജോയിയും ഇപ്പോള്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പിനൊപ്പമാണെന്ന വികാരമാണ് മലപ്പുറത്ത് എ ഗ്രൂപ്പിനുള്ളത്.
നിലമ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്യാടന്‍ ഷൗക്കത്തും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശുമായിരുന്നു അവസാനഘട്ടം വരെയുണ്ടായിരുന്നത്. നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും ഏഴു മണ്ഡലം കമ്മിറ്റികളില്‍ അഞ്ച് മണ്ഡലം കമ്മിറ്റികളും പി.വി അന്‍വറിനെ തോല്‍പ്പിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും ഷൗക്കത്തിനൊപ്പമായിരുന്നു. പ്രകാശ് പ്രസിഡന്റായ മലപ്പുറം ഡി.സി.സിയുടെ റിപ്പോര്‍ട്ടും രണ്ടു മണ്ഡലം കമ്മിറ്റികളുമായിരുന്നു പ്രകാശിനൊപ്പം നിന്നത്. എ.ഐ.സി.സി രണ്ടു ഘട്ടങ്ങളിലായി നടത്തിയ സര്‍വെയിലും സാമുദായിക സമവാക്യങ്ങളും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളടക്കം പരിഗണിച്ച് ഷൗക്കത്തിനായിരുന്നു മേല്‍ക്കൈ.
നിലമ്പൂരില്‍ തര്‍ക്കം മുറുകിയപ്പോള്‍ ടി. സിദ്ദിഖിനെ സമവായ സ്ഥാനാര്‍ത്ഥിയാക്കാനും ശ്രമമുണ്ടായി. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിഭീഷണി മുഴക്കിയാണ് പ്രകാശ് ഈ നീക്കത്തെ പ്രതിരോധിച്ചത്. തര്‍ക്കം മുറുകിയപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കേരളത്തില്‍ നടത്താന്‍ ആവശ്യപ്പെട്ട് ഹൈക്കമാന്റ് ലിസ്റ്റ് മടക്കി. ഇതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇരുവരെയും തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. രണ്ടാം തവണയും സീറ്റില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്ന വൈകാരിക നിലപാടാണ് പ്രകാശ് മുന്നോട്ടുവെച്ചത്. പകരം സീറ്റായി നിര്‍ദ്ദേശിച്ച പട്ടാമ്പി വേണ്ടെന്നും മത്സരിക്കുന്നെങ്കില്‍ അഞ്ചു വര്‍ഷം സജീവമായ നിലമ്പൂര്‍ മതിയെന്നും ഷൗക്കത്തും നിലപാടെടുത്തു. ഇതിനിടെ മുസ്ലിം ലീഗ് നേതൃത്വം നിലമ്പൂരില്‍ പ്രകാശ് മതിയെന്ന നിലപാടെടുത്തു. ഇതുകൂടി പരിഗണിച്ചാണ് പ്രകാശിന് നിലമ്പൂര്‍ സീറ്റും ഷൗക്കത്തിന് ഡി.സി.സി അധ്യക്ഷ സ്ഥാനവുമെന്ന ഫോര്‍മുലയുമുണ്ടായത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടൊപ്പം ഡി.സി.സി പ്രസിഡന്റ് സ്ഥാന പ്രഖ്യാപനവും ഉണ്ടാകുമെന്നറിയിച്ചെങ്കിലും അതുണ്ടായില്ല. ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയാല്‍ ലീഗിന് വഴങ്ങില്ലെന്ന ആശങ്കയില്‍ ലീഗ് നേതൃത്വം ഈ തീരുമാനത്തില്‍ അതൃപ്തിയുമായി രംഗത്തെത്തുകയായിരുന്നു. മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് രണ്ടാം ആര്യാടന്‍ വളരുന്നതിന് വഴിയൊരുക്കേണ്ട എന്ന നിലപാടായിരുന്നു ലീഗ് നേതൃത്വത്തിന്. ഒടുവില്‍ എ.കെ ആന്റണി ഇടപെട്ടതോടെയാണ് ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് കേവലം 20 ദിവസം മാത്രമിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി പകരം വി.വി പ്രകാശ് ഡി.സി.സി പ്രസിഡന്റായി. ഫലപ്രഖ്യാപനത്തിനു മുമ്പ് ഹൃദയാഘാതം മൂലം വി.വി പ്രകാശ് മരണപ്പെടുകയും ചെയ്തതോടെ മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റില്ലാത്ത അവസ്ഥയായി. തെരഞ്ഞെടുപ്പില്‍ പ്രകാശ് പരാജയപ്പെടുകയും പി.വി അന്‍വര്‍ 2700 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു. ഈ അവസരത്തിലും ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ കെ.സി വേണുഗോപാല്‍ സമ്മതിച്ചില്ല. ഒടുവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞിക്ക് ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിനിരത്തുന്നത് ആര്യാടനെ അവഹേളിക്കുന്ന നിലപാടാണെന്ന വൈകാരിക സമീപനമാണ് എ ഗ്രൂപ്പിനുള്ളത്. എ.കെ ആന്റണിയും കെ.കരുണാകരന്റെ നോമിനിയായി വലയാര്‍ രവിയും 1992ല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് മലപ്പുറം. കോട്ടയം കഴിഞ്ഞാല്‍ എ വിഭാഗത്തിന് ശക്തമായ അടിത്തറയുള്ള മലപ്പുറത്ത് ലീഗിനെതിരെ പോര്‍മുഖം തുറന്നാണ് കോണ്‍ഗ്രസ് വളര്‍ന്നത്. ആര്യാടനുമായി വ്യക്തിപരമായി അടുപ്പമുള്ളവരാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്താണ് മലപ്പുറത്ത് ആര്യാടന്‍ കോണ്‍ഗ്രസിനെ കെട്ടിപ്പടുത്തത്. മലപ്പുറം ജില്ലാ രൂപീകരണത്തോടെ 1969തില്‍ ആദ്യ ഡി.സി.സി പ്രസിഡന്റായത് ആര്യാടന്‍ മുഹമ്മദായിരുന്നു. രാഷ്ട്രീയത്തിനൊപ്പം സിനിമാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചാണ് ആര്യാടന്‍ ഷൗക്കത്ത് വളര്‍ന്ന് വന്നത്.
നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയര്‍മാനുമായി മികച്ച പ്രവര്‍ത്തനം നടത്തി നിലമ്പൂരിനെ ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കിയത് ഷൗക്കത്താണ്. സിനിമാ തിരക്കഥാകൃത്തെന്ന നിലയില്‍ പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് സംസ്ഥാന ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദിനെപ്പോലെ മതതീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ ശക്തമായ നിലപാടാണ് ആര്യാടന്‍ ഷൗക്കത്ത് ഉയര്‍ത്തിപ്പിടിച്ചത്. കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതി ചെയര്‍മാനെന്ന നിലയില്‍ മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാന വ്യാപകമായി തെരുവുനാടകങ്ങളുമായി 5 കലാജാഥകള്‍ നടത്തിയ ആര്യാടന്‍ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റായാല്‍ മലപ്പുറത്തെ കോണ്‍ഗ്രസില്‍ തനിക്ക് പ്രാമുഖ്യം ലഭിക്കില്ലെന്ന ഭയാശങ്കയാണ് എ.പി അനില്‍കുമാറിനുള്ളത്.
16 നിയോജകമണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ സംഘടനാശേഷിയും കഴിവും പരിഗണിച്ചാലും ജോയിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ വി.എസ് ജോയി 2016ല്‍ മലമ്പുഴയില്‍ വി,എസ് അച്യുതാനന്ദനോട് മത്സരിച്ച് ബി.ജെ.പിക്കും പിറകില്‍ മൂന്നാം സ്ഥാനത്തായത് കോണ്‍ഗ്രസിന് നാണക്കേടായിരുന്നു. സതീശന്‍ പാച്ചേനി കെ.എസ്.യു പ്രസിന്റായിരിക്കെ മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദന്‍ കേവലം 4073 വോട്ടിനാണ് വിജയിച്ചത്. സതീശന്‍ പാച്ചേനി 44.33 ശതമാനം വോട്ടുപിടിച്ചിടത്ത് വി.എസ് ജോയിക്ക് 22.12 ശതമാനം വോട്ടുമായി ബി.ജെ.പിക്കും പിറകിലായി കനത്തപരാജയം ഏറ്റുവാങ്ങിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു.
അതേസമയം 2016ല്‍ നിലമ്പൂരില്‍ 11500 വോട്ടിന് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അഞ്ച് വര്‍ഷവും പി.വി അന്‍വറിന്റൈ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയും സേവനപ്രവര്‍ത്തനങ്ങളിലൂടെയും നടത്തിയ ശക്തമായ ഇടപെടലാണ് ഇത്തവണ അന്‍വറിന്റെ ഭൂരിപക്ഷം 2700 വോട്ടായി കുറക്കാന്‍ വഴിയൊരുക്കിയത്. മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ടിട്ടും പാലം വലിക്കാതെ വി.വി പ്രകാശിനു വേണ്ടി പ്രചരണരംഗത്ത് ആദ്യാവസാനം സജീവമായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ വി.എസ് ജോയി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെയാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായത്. ആര്യാടന്‍ മുഹമ്മദാണ് ജോയിയെ മലപ്പുറത്തു നിന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. നിര്‍ണായക ഘട്ടത്തില്‍ ആര്യാടനെയും കൈവിട്ടാണ് വി.എസ് ജോയി കെ.സി വേണുഗോപാല്‍ ഗ്രൂപ്പിലേക്ക് ചേക്കേറിയത്.