മുസ്ലീംലീഗിന് യു.ഡി.എഫില്‍ മൂന്നാംസീറ്റിന് അര്‍ഹതയുണ്ടെന്ന് പറയുമ്പോഴും ചില യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലന്ന് നടിക്കാന്‍ രാഷ്ട്രിയ കേരളത്തിന് കഴിയുകയില്ല. 2011നു ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ചരിത്രം പരിശോധിച്ചാല്‍ ലീഗിന് …മുസ്ലീം സമുദായത്തിനുള്ളില്‍ തിരിച്ചടി ലഭിച്ചു തുടങ്ങിയതും വ്യക്തമാക്കപ്പെടും. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ ഉണ്ടായിരുന്ന ലീഗിന് 2016 -ല്‍ ലഭിച്ചിരിക്കുന്നത് 18 സീറ്റുകളാണ്. 2021 ആയപ്പോള്‍ അത് വീണ്ടും കുറഞ്ഞ് 15 സീറ്റായി മാറുകയാണ് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പില്‍ എല്ലാം , മുസ്ലീം സമുദായത്തില്‍ നിന്നുള്ള അടിയൊഴുക്ക് ഇടതുപക്ഷത്തേക്കാണ് ഉണ്ടായിരിക്കുന്നത്. 2019 – ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റുകള്‍ യു.ഡി.എഫിന് നേടാന്‍ കഴിഞ്ഞിരുന്നത് ലീഗിന്റെ കരുത്തുകൊണ്ടായിരുന്നില്ല. ആ വിജയത്തിനിടയാക്കിയത് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കണ്ട് ന്യൂനപക്ഷങ്ങള്‍ നല്‍കിയ വോട്ടിന്റെ കരുത്തിനാലാണ്. ഇതിനൊപ്പം തന്നെ, ശബരിമല വിവാദവും യു.ഡി.എഫിനെ വലിയ തോതിലാണ് ആ തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിരുന്നത്. ഒരേസമയം മുസ്ലീം – ക്രൈസ്തവ വോട്ടുകളെയും ഹൈന്ദവ വോട്ടുകളെയും സ്വാധീനിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞതാണ് ഒറ്റ സീറ്റില്‍ ഇടതുപക്ഷത്തെ ഒതുക്കിയിരുന്നത്. 2019-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം കത്തിച്ച, ബി.ജെ.പിക്കും കൂടുതല്‍ വോട്ടുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ഇതിലും ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ , ഈ രണ്ട് സാഹചര്യവും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരുന്നപ്പോള്‍ , 99 സീറ്റെന്ന വന്‍ വിജയമാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. നഷ്ടപ്പെട്ട ഹൈന്ദവ വോട്ടുകള്‍ക്ക് പുറമെ, മുസ്ലീം – ക്രൈസ്തവ വിഭാഗങ്ങളുടെ വലിയ പിന്തുണയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍, ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ റിസള്‍ട്ടും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയുടെ കരുത്താണ് തുറന്നുകാട്ടുന്നത്.
വിവാദങ്ങളും വിവാദ വിഷയങ്ങളും ഇടതുപക്ഷത്തിന്റെ സാധ്യതയെ ഒരു കാരണവശാലും ബാധിക്കില്ലന്നത് 2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പിലും അതു തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്.
ഈ കണക്കുകളെല്ലാം തന്നെ യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ്. ലീഗ് വോട്ട് ബാങ്കായ സമസ്തയില്‍ വര്‍ദ്ധിച്ചു വരുന്ന ഇടതുപക്ഷ സ്വാധീനവും ലീഗിന്റെ ഉറക്കം കൊടുത്തുന്നതാണ്. ലീഗിന് സ്വന്തം സമുദായത്തില്‍ തന്നെ, തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍, കോണ്‍ഗ്രസ്സ് നേതൃത്വവും പഴയ പരിഗണന ലീഗിന് കൊടുക്കാന്‍ തയ്യാറായിട്ടില്ല. ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചൊടിപ്പിച്ചതും കോണ്‍ഗ്രസ്സിന്റെ ഈ സമീപനമാണ്.
ഇതോടുകൂടിയാണ്… ലോകസഭയിലേക്ക് മൂന്നാംസീറ്റെന്ന അവകാശവാദം ലീഗ് മുന്നോട്ട് വച്ചിരുന്നത്. കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയ ഈ വിവാദത്തിനൊടുവില്‍ ഇനി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം നിര്‍ബന്ധിതമായിരിക്കുകയാണ്.
ചായക്കോപ്പയിലെ കൊടുങ്കാറ്റായി മൂന്നാംസീറ്റ് വിവാദം അവസാനിച്ചെങ്കിലും അതുയര്‍ത്തിയ ഭിന്നത കൂടുതല്‍ ശക്തമായി തന്നെ രണ്ടു പാര്‍ട്ടികള്‍ക്കിടയിലും തുടരാനാണ് സാധ്യത. ലോകസഭ തിരഞ്ഞെടുപ്പില്‍ 10-ല്‍ കുറവ് സീറ്റ് ലഭിച്ചാല്‍ പിന്നെ…യു.ഡി.എഫില്‍ തുടരുക എന്നത് മുസ്ലീം ലീഗിനെ സംബന്ധിച്ച് ആത്മഹത്യാപരമായി മാറാനാണ് സാധ്യത. സംസ്ഥാന ഭരണമില്ലാതെ പത്തു വര്‍ഷം പുറത്തു നില്‍ക്കേണ്ടി വരുന്ന ലീഗിന് വീണ്ടുമൊരു അഞ്ചുവര്‍ഷം പുറത്തിരിക്കേണ്ട സാഹചര്യം ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാകാനുള്ള സാധ്യതയും ലീഗ് നേതൃത്വം മുന്നില്‍ കാണുന്നുണ്ട്.
ഇതെല്ലാം മുന്നില്‍ കണ്ടാണ് ഇടതുപക്ഷത്തേക്ക് പോകണമെന്ന വികാരം , ലീഗിലെ ഒരു വിഭാഗത്തില്‍ ശക്തിപെട്ടിരിക്കുന്നത്. എന്നാല്‍ ലീഗിനെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ ഒരുറപ്പും ഇതുവരെ , ഇടതു നേതാക്കള്‍ നല്‍കിയിട്ടില്ല. ലീഗ് – കോണ്‍ഗ്രസ്സ് ഭിന്നത രൂക്ഷമാക്കാന്‍ ലീഗിന് മൂന്നാമതൊരു സീറ്റിന് അവകാശമുണ്ടെന്ന് പറയുമ്പോഴും മുന്നണി പ്രവേശനത്തിന്റെ കാര്യത്തില്‍ വ്യക്തമായ ഒരു മറുപടിയും … സി.പി.എമ്മും സി.പി.ഐയും ഇതുവരെ നല്‍കിയിട്ടില്ല.
ഇക്കാര്യത്തില്‍, ദേശീയ നേതൃത്വങ്ങളുടെ നിലപാട് അറിയാതെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കു മാത്രമായി ഒരുനിലപാട് സ്വീകരിക്കാനും കഴിയുകയില്ല. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന നിലപാട് ഇതുവരെ സി.പി.എം കേന്ദ്ര നേതൃത്വം തിരുത്താത്തതും ലീഗിലെ ഒരു വിഭാഗത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാണ്.
ഇടതുപക്ഷത്ത് ലീഗ് എത്തേണ്ടത്… യഥാര്‍ത്ഥത്തില്‍ ലീഗിന്റെ മാത്രം ആവശ്യമാണ്. മുസ്ലിം ലീഗില്ലെങ്കിലും മുസ്ലീംവോട്ടുകള്‍ ഇടതുപക്ഷത്ത് ഭദ്രമാണെന്നതാണ് കഴിഞ്ഞകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്.സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍, 66ലും മുസ്ലീംവോട്ടുകള്‍ നിര്‍ണ്ണായകമാണ്. 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം ഇതില്‍ 66-ല്‍ 40ഉം നേടിയിരിക്കുന്നത് ഇടതുപക്ഷമാണ്. മുസ്ലീം സമുദായത്തില്‍ ഇടതുപക്ഷം സ്വാധീനം ഉറപ്പിച്ചു എന്നതിന് ഇതില്‍പരം മറ്റൊരു തെളിവിന്റെ ആവശ്യമില്ല. 2016-ലെ തിരഞ്ഞെടുപ്പിലും… ഇതേ ചരിത്രം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്.
നിലവില്‍ സി.പി.എം കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് സ്വാധീനമുള്ള ഘടകകക്ഷികള്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ്സും മാത്രമാണ്. മറ്റു ഘടക കക്ഷികള്‍ക്കൊന്നും തന്നെ കേരള രാഷ്ട്രീയത്തില്‍..സ്വന്തം നിലയ്ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ ശേഷിയില്ലാത്തവരാണ്. അതുകൊണ്ടു തന്നെ ലീഗിലെ ഒരു വിഭാഗം പിളര്‍ന്നു വന്നാല്‍ സ്വീകരിക്കാന്‍… ഇടതുപക്ഷത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാകുകയില്ല. സി.പി.എമ്മും സി.പി.ഐയും സ്വീകരിക്കുന്ന നിലപാടുകളാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.
എന്നാല്‍, യു.ഡി.എഫിലെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. കോണ്‍ഗ്രസ്സും ലീഗും അല്ലാതെ , ജന സ്വാധീനമുള്ള ഒരു പാര്‍ട്ടിയും ആ മുന്നണിയില്‍ നിലവിലില്ല. ലീഗ് മൊത്തത്തില്‍ മുന്നണിവിട്ടാലും , ഒരു വിഭാഗം പിളര്‍ന്നു പോയാലും അത് …വന്‍ പ്രത്യാഘാതമാണ് യു.ഡി.എഫിലുണ്ടാക്കുക. പിന്നെ കോണ്‍ഗ്രസ്സില്‍ എത്ര നേതാക്കള്‍ അവശേഷിക്കും എന്നതും ,കണ്ടറിയേണ്ട കാര്യമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍, കേരളത്തില്‍ നിന്നുള്‍പ്പെടെ കോണ്‍ഗ്രസ്സില്‍ നിന്നും വന്‍ തോതിലുള്ള ഒഴുക്കാണ് മറ്റു പാര്‍ട്ടികളിലേക്ക് ഉണ്ടാകാന്‍ പോകുന്നത്. അധികാരം ഇല്ലാതെ ലീഗിന് മാത്രമല്ല കോണ്‍ഗ്രസ്സിനും അധിക കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്.
EXPRESS KERALA VIEW