കേരളത്തില്‍ ‘സിഎം’ എന്നാല്‍ ‘ചീഫ് മര്‍ഡര്‍’ ; പിണറായിക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം-ബിജെപി രാഷ്ട്രീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ വാക് പോരുകള്‍ മുറുകുന്നു.

സിപിഎം എന്നതിന് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്’ (കൊലപാതകികളുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) എന്നു പുതിയ വിശദീകരണം നല്‍കിയ ബിജെപി, കേരളത്തില്‍ ‘സിഎം’ എന്നാല്‍ ‘ചീഫ് മര്‍ഡറര്‍’ (മുഖ്യ കൊലയാളി) ആയി മാറിയിട്ടുണ്ടെന്നും പരിഹസിച്ചു.

ബിജെപി നേതാവ് ജി.വി.എല്‍. നരസിംഹ റാവുവാണു കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി രംഗത്തെത്തിയത്.

രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നയമാണു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നു നരസിംഹ റാവു കുറ്റപ്പെടുത്തി.

കേരള മുഖ്യമന്ത്രിയെന്നതിനേക്കാള്‍, സിപിഎമ്മിന്റെ മുഖ്യ കൊലപാതകിയെന്ന നിലയിലാണു കേരളത്തിലെ പിണറായി വിജയന്റെ പ്രവര്‍ത്തനം. ഇതു തീര്‍ത്തും അപലപനീയമാണെന്നും റാവു പറഞ്ഞു.

‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്’ ആയി സിപിഎം മാറിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ലാത്ത സ്ഥിതിയാണു നിലവിലുള്ളത്. കഴിഞ്ഞ 13 മാസത്തിനിടെ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഒട്ടേറെ പ്രവര്‍ത്തകര്‍ നിഷ്ഠൂരവും അതിക്രൂരവുമായ രീതിയില്‍ സംസ്ഥാനത്തു കൊല്ലപ്പെട്ടു. ഈ രാജ്യത്തെ ജനങ്ങള്‍ക്കു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം എന്താണെന്ന് അറിയാം. കേരളത്തിലെ എല്ലാ രാഷ്ട്രീയ അതിക്രമങ്ങളുടെയും ഉദ്ഭവകേന്ദ്രമായ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരനാണ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്നും’ റാവു ആരോപിച്ചു.

ഇടതു സര്‍ക്കാരിനു കീഴില്‍, അക്രമികളുടെ ഇഷ്ടസങ്കേതമായി കേരളം മാറിയെന്നു ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയും പ്രതികരിച്ചു.

‘അക്രമികളുടെ സ്വര്‍ഗമായി കേരളം മാറി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതു കൂടുതല്‍ സ്പഷടമാണ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇക്കാര്യം ചര്‍ച്ചയാവുകയും സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ രാജ്യത്തിനുള്ള ആശങ്ക ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി തക്ക ശിക്ഷ ഉറപ്പാക്കണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.

Top