ക്വാലംലപൂര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് ‘വിഎക്‌സ്’ എന്ന അതിമാരക വിഷമാണന്നു തെളിഞ്ഞതോടെ ലോക രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ രാസായുധ ശേഖരമുള്ള മൂന്നാമത്തെ രാജ്യമാണ് ഉത്തര കൊറിയ .
അതിമാരക വിഷങ്ങളായ സരിനും വിഎക്‌സുമാണു കൊറിയയുടെ ശേഖരത്തില്‍ ഏറ്റവും കൂടുതലുള്ളതത്രേ. വിഎക്‌സ് മാത്രം 5000 ടണ്‍ ഉത്തര കൊറിയയുടെ പക്കലുണ്ടെന്നു ദക്ഷിണ കൊറിയ പറയുന്നു.
ഐക്യരാഷ്ട്ര സംഘടന അതീവ വിനാശകാരിയായ രാസായുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ള ‘വിഎക്‌സ്’ എന്ന രാസവസ്തുവാണു പതിമൂന്നാം തീയതി ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്തുതേച്ചത്.
നാമിന്റെ മുഖത്തുനിന്നും കണ്ണില്‍നിന്നും ശേഖരിച്ച സാംപിളുകളില്‍ ഈ രാസവസ്തുവിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. നാമിന്റെ കൊലയ്ക്കു പിന്നില്‍ ഉത്തര കൊറിയയാണെന്ന വാദത്തെ ബലപ്പെടുത്തുന്നതാണു മാരകവിഷത്തിന്റെ സാന്നിധ്യം.
നാമിന്റെ മുഖത്തു വിഷംതേച്ച യുവതികളിലൊരാള്‍ക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതായി മലേഷ്യന്‍ പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ ചികില്‍സയിലാണ്.
നാമിന്റെ മുഖത്തു വിഷംതേച്ച ശേഷം ഇവര്‍ കൈ ദേഹത്തുനിന്നു മാറ്റിപ്പിടിച്ച് ബാത്ത്‌റൂമിന്റെ ഭാഗത്തേക്ക് ഓടുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊലപാതകമാണെന്നറിഞ്ഞില്ല, ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണു തങ്ങള്‍ കരുതിയത് എന്ന യുവതികളുടെ മൊഴി്.
വിഎക്‌സ് എന്നാല്‍ മരണം
രുചിയും മണവുമില്ലാത്ത വിഎക്‌സ് വിഷം മിനിറ്റുകള്‍ക്കുള്ളില്‍ മരണം ഉറപ്പാക്കുന്നതാണ്. നാഡീവ്യൂഹത്തെയാണ് വിഷം ബാധിക്കുക. എണ്ണ പോലുള്ള ദ്രാവകരൂപത്തിലാണ് ഈ വിഷം വെള്ളത്തില്‍ കലര്‍ത്താവുന്നതുമാണ്. ത്വക്കിലും കണ്ണിലും പുരണ്ടാലും ശരീരത്തിലെത്തും. ആവിയായി ശ്വസിക്കുകയാണെങ്കില്‍ നിമിഷനേരം കൊണ്ട് മരണമെത്തും.