കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ 800 ഗ്രാം സ്വര്‍ണ്ണം കോഴിക്കോട്ട് റെയില്‍വേ സംരക്ഷണ സേന പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ അഷ്റഫ് ഖാന്‍ ആണ് പിടിയിലായത്.ഷര്‍ട്ടിനകത്ത് പ്രത്യേക ജാക്കറ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കടത്തിയത്.
എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ട്രെയിനില്‍ റെയില്‍വേ സംരക്ഷണ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് രാജസ്ഥാനിലെ പാലി സ്വദേശിയായ യുവാവ് പിടിയിലായത്.100 ഗ്രാം വീതമുള്ള 38 സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് ആര്‍.പി.എഫ് പിടികൂടിയത്.
കോഴിക്കോട്ടെ വിവിധ ജ്വല്ലറികള്‍ക്ക് നല്‍കാനാണ് സ്വര്‍ണ്ണം കൊണ്ട് വന്നത് എന്നാണ് അഷ്റഫ് ഖാന്‍ മൊഴി നല്‍കിയിരിക്കുന്നത്. ചില ബില്ലുകളും ഇയാള്‍ ആര്‍.പി.എഫിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പിടിച്ചെടുത്ത സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്‍റീവ് സംഘത്തിന് കൈമാറി. കൈമാറിയ ബില്ലുകള്‍ ഒറിജിനലാണോ എന്നത് സംബന്ധിച്ച് അടക്കമുള്ളവയില്‍ കസ്റ്റംസാണ് അന്വേഷണം നടത്തുക.