തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവും വൈകും. സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. അഞ്ചാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് ഓഗസ്റ്റ് മുതലാണ് ബാധകമാകുകയെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ പറഞ്ഞു. ശമ്പളത്തിനായി എല്ലാ മാസവും സമരം നടത്താന്‍ സാധിക്കില്ല. ഈ മാസം 11ന് ഹൈക്കോടതി കേസ് പരിഗണിക്കും വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് ബിഎംഎസ്.
അതേസമയം ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി 11 ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ജൂലൈ 18 മുതല്‍ തുടങ്ങും. ജൂണ്‍ 1 മുതല്‍ തന്നെ വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.