ഭോപ്പാല്‍: സ്‌ക്കൂള്‍ കെട്ടിടമില്ലാത്തതിനാല്‍ നീമച്ച് ജില്ലയിലെ മൊഖാംപുര ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് കക്കൂസില്‍.
‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ആപ്തവാക്യം ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശിലാണ് പഠിക്കാന്‍ കെട്ടിടമില്ലാതെ 34 കുട്ടികള്‍ കക്കൂസ് പഠനമുറിയാക്കി മാറ്റിയിരിക്കുന്നത്.
2012 ല്‍ ആണ് വാടക കെട്ടിടത്തില്‍ സ്‌ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് കെട്ടിടം ലഭ്യമാവാതെ വന്നപ്പോള്‍ ഉപയോഗശൂന്യമായ കക്കൂസിലേക്ക് പഠനമുറി മാറ്റുകയായിരുന്നു.
ശൗചാലയത്തില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത് മഴയും വെയിലും ഏല്‍ക്കാതെ പഠിക്കുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തി മാത്രമാണെന്നാണ് അദ്ധ്യാപകന്‍ കൈലാഷ് ചന്ദ്രയുടെ വിശദീകരണം.
ചിലപ്പോള്‍ ആട്ടിന്‍കുട്ടികളെയും ഈ കക്കൂസ് മുറിയില്‍ കെട്ടിയിട്ടതായി കാണാം. സ്‌ക്കൂളിന്റെ ശോചനീയാവസ്ഥയെപ്പറ്റി മണ്ഡലത്തിലെ ബിജെപി എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അനുകൂല നടപടികള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് കൈലാഷ് ചന്ദ്ര അറിയിച്ചു.
അതേസമയം ഇത്തരത്തിലൊരു സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.