മലമ്പുഴയിൽ കോൺ​ഗ്രസ് തന്നെ: തീരുമാനം പ്രാദേശിക പ്രതിഷേധം ശക്തമായതോടെ

പാലക്കാട്: പ്രാദേശിക പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മലമ്പുഴയിൽ കോൺ​ഗ്രസ് തന്നെ മത്സരിക്കാൻ ധാരണ. ഭാരതീയ രാഷ്ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.

മലമ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന കലാപത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന വിലയിരുത്തലും മലമ്പുഴ കൈവിടാന്‍ കാരണമായി. ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുയര്‍ത്തിയത്.

ബിജെപിയെ സഹായിക്കാനാണ് ദുര്‍ബലരായ ഘടകകക്ഷിക്ക് സീറ്റ് വച്ചു നീട്ടിയതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. പുതുശേരിയില്‍ ഇന്നും പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനും വിളിച്ചു.

എലത്തൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി അധ്യക്ഷൻ അഡ്വ. ജോണ്‍ ജോണ്‍ വ്യക്തമാക്കി.

 

Top