മുംബൈ: മുംബൈയില്‍ മുന്‍കാമുകിയെ തട്ടിക്കൊണ്ടുപോയി യുവാവ് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടത് ഐ ഫോണ്‍. 19 കാരിയായ പെണ്‍കുട്ടിയെ 29 കാരനായ യുവാവ് ഗോള്‍ഡന്‍ നെക്സ്റ്റ് ഏരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് മകളെ മോചിപ്പിക്കണമെങ്കില്‍ ഐഫോണ്‍ വാങ്ങിനല്‍കുകയോ അതല്ലെങ്കില്‍ ഒന്നരലക്ഷം രൂപയോ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
അമ്മ ഉടന്‍ തന്നെ പൊലീസിനെ സമീപിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് പ്രതിയെ പൊലീസ് വിളിച്ചു. എന്നാല്‍ പൊലീസാണ് വിളിക്കുന്നതെന്നറിയാതെ ഇയാള്‍ ഫോണ്‍ എടുക്കുകയും ഐഫോണ്‍ വാങ്ങി നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.. എന്നാല്‍ മറുതലക്കലുള്ളത് പൊലീസാണെന്ന് പിന്നീടാണ് പ്രതി തിരിച്ചറിഞ്ഞ്. ഭയന്നുപോയ ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോയെന്നും പൊലീസ് പറയുന്നു. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി രക്ഷിച്ചു.
ഈ പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു.എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന് മനസിലായതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ സ്വകാര്യവീഡിയോകളും ഫോട്ടോകളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ വിളിച്ചുവരുത്തിയെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും ഡിസിപി ജയന്ത് ബജ്ബലെ പറഞ്ഞു.ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു.