മൈസൂരു: ദളിത് വിഭാഗത്തിൽപെട്ട സ്ത്രീ വെള്ളം കുടിച്ചതിനാൻ അശുദ്ധം ആയെന്ന് പറഞ്ഞ് കുടിവെള്ള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉന്നതജാതിക്കാർ. കർണാടകയിൽ മൈസൂരു ചാമരാജ നഗറിലെ ഹെഗോത്തറ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിഷയം സമൂഹമാധ്യമങ്ങളിൾ വലിയ പ്രധിഷേധത്തിന് കാരണമായി. ഇതേതുടർന്ന് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.
ശനിയാഴ്ചയാണ് സംഭവം. മറ്റൊരു ഗ്രാമത്തിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സ്ഥലത്ത് എത്തിയതായിരുന്നു ഈ സ്ത്രീ. കുടിവെള്ള ടാങ്കിനോട് ചേർന്നുള്ള പൈപ്പിൽ നിന്ന് ഇവർ വെള്ളം കുടിച്ചു. ഇത് കണ്ടതിനെ തുടർന്നാണ് ഉന്നത ജാതിയിൽ പെട്ടവർ വാട്ടർടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞ് ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചത്. സംഭവം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്ന് തഹസിൽദാരും സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുളള റിപ്പോർട്ട് തഹസിൽദാറിന് നൽകും.
വാട്ടർ ടാങ്ക് പൊതുവായി സ്ഥാപിച്ചിട്ടുള്ളതാണെന്നും അതിൽനിന്ന് ആർക്ക് വേണമെങ്കിലും വെളളം കുടിക്കാമെന്നും അധികൃതർ ഗ്രാമവാസികളെ അറിയിച്ചു. വെള്ളം കുടിച്ച സ്ത്രീയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി പരാതി തയ്യാറാക്കാൻ ശ്രമിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വാട്ടർ ടാങ്ക് ശുദ്ധീകരണം നടന്നതായി ദൃക്സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തഹസീൽദാർ ബസവരാജു പറഞ്ഞു.