ഗോരഖ്പൂര്‍: ബിജെപി എംപി യോഗി ആദിത്യനാഥിന് അനുകൂലമായി ഉത്തര്‍പ്രദേശില്‍ പോസ്റ്റര്‍.
2017 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കാണിച്ചാണ് പോസ്റ്റര്‍.
യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ഞായറാഴ്ചയാണ് പോസ്റ്റര്‍ പതിച്ചത്. ഇതില്‍ നിലവില്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി എന്നിവരെ പരിഹസിക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിച്ചത്.
യോഗി ആദിത്യനാഥിനെ കടുവയോടും മറ്റുള്ളവരെ കഴുതകളോടുമാണ് ഉപമിച്ചിരിക്കുന്നത്. രാഹുലിനേയും അഖിലേഷിനേയും മായാവതിയോയും കൂടാതെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തഹദുള്‍ നേതാവ് അസാദുദ്ദീന്‍ ഒവൈസിയേയും കഴുതയോട് ഉപമിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ സിംഹത്തോട് ഉപമിച്ച് കോണ്‍ഗ്രസ് നേരത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കാണിച്ച് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗി ആദിത്യനാഥ് വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അഹമ്മദ് പറഞ്ഞു.