ഭുബനേശ്വര്‍: കാണ്ഡമല്‍ ജില്ലയില്‍ ബലാത്സംഗക്കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. തുടര്‍ന്ന് പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്നാണ് 35കാരനായ പ്രതിയെ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢുകാരനായ യുവാവ് സ്ഥലത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. കോണ്‍ക്രീറ്റ് മിക്സര്‍ മെഷീന്‍ തൊഴിലാളിയായ ഇയാള്‍ ശനിയാഴ്ച ഉച്ചയ്ക്ക് വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് പ്രതിയെ തല്ലിക്കൊന്നു. വടികൊണ്ട് അടിച്ചായിരുന്നു കൊലപാതകം. യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സ്റ്റേഷനിലെത്തി കീഴടങ്ങി. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.