ഒരേ ദിവസം കുരുക്കിയത് രണ്ട് നേതാക്കളെ ; സര്‍ക്കാരും ബിജെപിയും ഏറ്റുമുട്ടലിലേക്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള രണ്ട് ഉന്നത നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത് സംഘര്‍ഷാന്തരീക്ഷം വര്‍ദ്ധിപ്പിക്കുമന്ന് ആശങ്ക.

കണ്ണൂരില്‍ ആര്‍എസ്എസ് കാര്യവാഹ് ബിജു കൊല്ലപ്പെട്ടതില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതായി ചൂണ്ടിക്കാട്ടി കുമ്മനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്.

പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്.

ആര്‍എസ്എസ്- ബിജെപി നേതാക്കളെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നാണ് സുരേഷ് മുന്നറിയിപ്പു നല്‍കിയിരുന്നത്.

കുമ്മനത്തിനെതിരെ എസ് എഫ് ഐ നേതാവ് നല്‍കിയ പരാതിയിലും സുരേഷിനെതിരെ സ്വമേധയായുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് നിരന്തരം ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ പൊലീസ് ഒത്താശയോടെ സിപിഎം പ്രവര്‍ത്തകര്‍ വേട്ടയാടുകയാണെന്ന് ആരോപിക്കുന്ന നേതാക്കള്‍ക്കെതിരെ തന്നെ കേസെടുത്തത് ബിജെപി കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.

ഒരു വിട്ടുവീഴ്ചയുമില്ലാതെ അടിക്ക് ശക്തമായ തിരിച്ചടി നല്‍കി മുന്നോട്ടു പോകണമെന്നതാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ അഭിപ്രായം.

ഗവര്‍ണ്ണറെ മാറ്റി സംഘം നിയോഗിച്ച ഏതെങ്കിലും നേതാവിനെ കേരളത്തില്‍ ഗവര്‍ണ്ണറാക്കണമെന്ന ആവശ്യം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

ആര്‍ എസ് എസ് സംസ്ഥാന ഘടകവും നാഗപൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് സമ്മര്‍ദ്ദം ചെലുത്തി തീരുമാനം അധികം താമസിയാതെ എടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ഇക്കാര്യത്തില്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് തന്നെ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപി സംസ്ഥാന നേതാക്കളെ പോലും കുരുക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയാണ് സംസ്ഥാന ഘടകം ആവശ്യപ്പെടുന്നത്.

ഗവര്‍ണ്ണറെ മാറ്റി പുതിയ ഗവര്‍ണ്ണര്‍ വന്നാല്‍ രാഷട്രപതി ഭരണത്തിനുള്ള ‘സാഹചര്യം’ താമസിയാതെ ‘സൃഷ്ടിക്കപ്പെടുമെന്നാണ് സംഘപരിവാര്‍ നേതൃത്വം കരുതുന്നത്.

ഗവര്‍ണ്ണര്‍ കണ്ണൂര്‍ കൊലപാതകത്തില്‍ സ്വീകരിച്ച നിലപാടാണ് ഇത്തരത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഗവര്‍ണ്ണര്‍ സദാശിവത്തില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ദയവായി ഗവര്‍ണ്ണറെ മാറ്റിതരണമെന്നുമാണ് നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

ഗവര്‍ണ്ണറെ വിമര്‍ശിച്ച ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനെയും എം ടി രമേശിനെയും തള്ളിയ കേന്ദ്ര മന്ത്രിയുടെ നടപടിയില്‍ ആര്‍എസ്എസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.

ആര്‍ എസ് എസ് പിന്തുണയുള്ളതിനാല്‍ പറഞ്ഞ വാക്ക് പിന്‍വലിക്കാന്‍ ഇരു നേതാക്കളും ഇതുവരെ തയ്യാറായിട്ടില്ലന്ന് മാത്രമല്ല, നിലപാടില്‍ ഉറച്ചു നില്‍ക്കുകയുമാണ്.

അതേ സമയം ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ക്കെതിരെ കര്‍ശനമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെയും സിപിഎം നേതൃത്വത്തിന്റെയും തീരുമാനം.

കണ്ണൂര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി പറഞ്ഞതിന്റെ ചൂടാറും മുന്‍പ് പാര്‍ട്ടി അഭിഭാഷകന്‍ തന്നെ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതില്‍ തന്നെ നിലപാട് വ്യക്തമാണ്.

പരസ്യമായി തള്ളി പറഞ്ഞാലും പ്രതികളെ കൈവിടില്ലെന്ന നിലപാടാണ് കണ്ണൂരിലെ സിപിഎമ്മിന്റേത്.

കോടിയേരി പ്രതികള്‍ക്കെതിരെ പറഞ്ഞതിനെതിരെ അണികള്‍ക്കിടയില്‍ വലിയ രൂപത്തിലുള്ള രോഷമുയര്‍ന്നതായാണ് പുറത്തു വരുന്ന വിവരം.

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുന്‍പ് പാര്‍ട്ടി കുറ്റക്കാരാക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പ്.

മുഖ്യമന്തി മുന്‍കൈ എടുത്ത് വിളിച്ച സര്‍വ്വകക്ഷിയോഗ തീരുമാനം അട്ടിമറിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ആര്‍ എസ് എസ് കാര്യവാഹിനെ വധിച്ച കേസിലെ പ്രതികളെ സി പി എം നേതൃത്വം തളളി പറഞ്ഞിരുന്നത്.

ഇതിനെതിരെ അണികള്‍ക്കിടയില്‍ രോക്ഷമുയര്‍ന്നിരിക്കെ തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്തെ രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Top