എന്ത് സഹായവും ചെയ്യാം, കൊറോണയെ ‘ആ പേരില്‍’ വിളിക്കരുത്; ഇന്ത്യയോട് ചൈന!

പുതിയ കൊറോണ വൈറസിനെ വിശദീകരിക്കാന്‍ ‘ചൈന’ എന്ന പദം ഉപയോഗിക്കരുതെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബീജിംഗ് അധികൃതര്‍. ഇത്തരമൊരു വിശേഷണം രാജ്യത്തിന് ദുഷ്‌പ്പേര് സമ്മാനിക്കുകയും, അന്താരാഷ്ട്ര സഹകരണത്തില്‍ ഹാനികരമായി മാറുമെന്നുമാണ് ബീജിംഗ് കാരണങ്ങളായി നിരത്തുന്നത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഫോണില്‍ സംസാരിക്കവെയാണ് സ്‌റ്റേറ്റ് കൗണ്‍സിലറും, ഫോറിന്‍ മിനിസ്റ്ററുമായ വാംഗ് യീ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ചൈന വൈറസ്’ എന്ന് കൊറോണയെ മുദ്രകുത്തുന്ന ഇടുങ്ങിയ ചിന്താഗതിക്ക് ഇന്ത്യ എതിരാകുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്ന് വാംഗ് യീ അറിയിച്ചു. കൊവിഡ്19 അഥവാ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് പൊട്ടിപ്പുറപ്പെടുന്നത്.

എന്നാല്‍ മധ്യ ചൈനയിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയതെങ്കിലും ഇത് ഇവിടെ നിന്നാണ് ഉത്ഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ പിന്നീട് വാദിച്ചത്. ‘ചൈന വൈറസ്’ എന്ന പദം ഉപയോഗിക്കുന്നതിന് എതിരെ ചൈനീസ് നയതന്ത്രജ്ഞര്‍ ലോകമെമ്പാടും പ്രചരണങ്ങള്‍ നയിക്കുന്നുണ്ട്. ‘ചൈനയ്ക്ക് ചീത്തപ്പേര് സമ്മാനിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരുടെ ആ പ്രയോഗം ഇന്ത്യ എതിര്‍ക്കുമെന്ന് വാംഗ് യീ പ്രതീക്ഷ പ്രകടിപ്പിച്ചു.വിദേശകാര്യമന്ത്രി ജയശങ്കര്‍ വൈറസിനെ ഇത്തരത്തില്‍ മുദ്രകുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹവും ഇക്കാര്യത്തില്‍ ശക്തമായ സൂചന നല്‍കണം’, ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സണ്‍ വെയ്‌ഡോംഗ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ കൊറോണയെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിച്ചതിനെ ചൈന എതിര്‍ക്കുകയാണ്. ലോകാരോഗ്യ സംഘടനയും ഏതെങ്കിലും രാജ്യത്തെ വൈറസുമായി ബന്ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ചൈന രോഗവിവരങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ മറച്ചുവെച്ചത് മൂലമാണ് ലോകം മുഴുവന്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലേക്ക് എത്തിച്ചതെന്ന രോഷം മറുവശത്ത് ആളിക്കത്തുന്നുണ്ട്.

അതേസമയം കൊവിഡ്19ന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് ചൈന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള പൊതുജനാരോഗ്യം കാത്തുരക്ഷിക്കാന്‍ ഇന്ത്യയും, ചൈനയും പരസ്പരം പിന്തുണയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും, മെഡിക്കല്‍ പിന്തുണ നല്‍കാനും തയ്യാറായ അയല്‍ക്കാര്‍ക്ക് ജയശങ്കര്‍ നന്ദി അറിയിച്ചു.

Top