ഉധംപുര്‍: രാജ്യത്തെ ഏറ്റവും നീളംകൂടിയ തുരങ്കപാത രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഉധംപുരില്‍ നടന്ന ചടങ്ങില്‍ ജമ്മു-കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.
തുരങ്കത്തില്‍ സ്ഥാപിച്ച ഉദ്ഘാടന ഫലകം അനാശ്ചാദനം ചെയ്ത പ്രധാനമന്ത്രി പ്രത്യേക വാഹനത്തില്‍ തുരങ്കത്തിനുള്ളിലൂടെ സഞ്ചരിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഹിമാലയം തുളച്ച് നിര്‍മിച്ച ഇന്ത്യയുടെ അഭിമാന തുരങ്കപാതയാണിത്. 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഉധംപുര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിച്ച്, റംബാന്‍ ജില്ലയിലെ നശ്രിയില്‍ ഈ തുരങ്കം അവസാനിക്കുന്നു.
അഞ്ച് വര്‍ഷം കൊണ്ട് റെക്കോര്‍ഡ് വേഗത്തിലാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കയത്. പരമാവധി സുരക്ഷ ഉറപ്പുവരുത്തി, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങളോടെയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്.
ഈ പാതയിലൂടെ ജമ്മുവില്‍നിന്ന് ശ്രീനഗറിലേയ്ക്കുള്ള യാത്രയില്‍ 30 കിലോമീറ്റര്‍ ലാഭിക്കാനാവും. യാത്രാ സമയത്തില്‍ രണ്ടു മണിക്കൂര്‍ കുറവു വരും.
കുദ്, പറ്റ്‌നിടോപ് എന്നിവടങ്ങള്‍ വഴിയുള്ള മഞ്ഞുവീഴ്ചയും മലയിടിച്ചിലുമുള്ള ദുര്‍ഘടമായ പാതയിലൂടെയുള്ള യാത്രയക്കും തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ പരിഹാരമാകും.
3,720 കോടി രൂപയാണ് തുരങ്കപാതയുടെ നിര്‍മാണത്തിനായി ചെലവായത്.