പഞ്ചാബിൽ കർഷക സംഘടനകൾ റെയിൽ പാളങ്ങൾ ഉപരോധിച്ചു

ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ച കർഷകസംഘടനകൾ പഞ്ചാബിലെ പലയിടങ്ങളിലും റയില്‍ പാളങ്ങള്‍ ഉപരോധിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് മിനിമം താങ്ങുവില ഉറപ്പാക്കുക, എം.എസ് സ്വാമിനാഥന്‍ റിപ്പോട്ട് നടപ്പാക്കുക തുടങ്ങി പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിക്കുന്നത്.

പഞ്ചാബിലെ അമൃത്സര്‍, ലുധിയാന, മന്‍സ, മോഗ, ഫിറോസ്പൂര്‍ തുടങ്ങി 22 ജില്ലകളിലായി 52 സ്ഥലങ്ങളിലാണ് റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നത്. കര്‍ഷക നേതാവായ സര്‍വാന്‍ സിങ് പന്ദേര്‍ സമരത്തിന് ജനങ്ങളുടെ പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്.
കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാല്‍ അനുവദിക്കാത്തതിനാല്‍ ഫെബ്രുവരി 13 മുതല്‍ ശംഭു അതിർത്തിയിലാണ് കര്‍ഷകര്‍ സമരംചെയ്യുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കര്‍ഷകര്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ നാലു മണിക്കൂര്‍ നേരമാണ് റെയില്‍പ്പാത ഉപരോധം.
മാര്‍ച്ചിന്റെ ഭാഗമല്ലെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ചില കര്‍ഷക സംഘടനകളും ഞായറാഴ്ചത്തെ പ്രതിഷേധത്തെ പിന്തുണച്ചു. പഞ്ചാബിലും ഹരിയാണയിലും സമരം തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ കേന്ദ്രത്തെ കര്‍ഷകരുടെ ശക്തിയറിയിക്കാനാണ് തീവണ്ടി തടഞ്ഞുള്ള പ്രതിഷേധമെന്ന് കര്‍ഷകനേതാവ് സര്‍വന്‍ സിങ് പന്ദേര്‍ അറിയിച്ചു.
Top